പിങ്കില്‍ ട്രിപ്പിളടിച്ച് വാര്‍ണര്‍; റെക്കോര്‍ഡ് സ്‌കോറില്‍ ഓസീസ്

പാകിസ്ഥാനെതിരെ പകല്‍-രാത്രി ടെസ്റ്റില്‍ ഓസീസിന് റെക്കോര്‍ഡ് സ്‌കോര്‍. വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. 418 പന്തില്‍ 335 റണ്‍സുമായി പുറത്താകാതെ വാര്‍ണര്‍ നിന്നപ്പോള്‍ 589/3 എന്ന കൂറ്റന്‍ സ്‌കോറിലാണ് ഓസീസ് ഡിക്ലയര്‍ ചെയ്തത്. പകല്‍-രാത്രി ടെസ്റ്റുകളിലെ ഉയര്‍ന്ന ടീം ടോട്ടലാണിത്. വാര്‍ണറിന്റെ ആദ്യ ട്രിപ്പിളാണിത്.

പിങ്ക് പന്തില്‍ ട്രിപ്പിളടിച്ച് പാകിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തില്‍ 200ഉം 389 പന്തില്‍ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്സും ഇതിനിടെ പറന്നു. അഡ്ലെയ്ഡ് സ്റ്റേഡിയത്തില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ട്രിപ്പിള്‍ ശതകം നേടുന്ന ഏഴാം ഓസീസ് താരം, മാര്‍ക് ടെയ്ലര്‍ക്ക് ശേഷം പാകിസ്ഥാനെതിരെ 300 തികയ്ക്കുന്ന താരം എന്നീ നേട്ടങ്ങളിലുമെത്തി വാര്‍ണര്‍.

ടെസ്റ്റില്‍ ഒരു ഓസീസ് താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്ലറെ വാര്‍ണര്‍ പിന്നിലാക്കി. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളുടെ ചരിത്രത്തിലെ രണ്ടാം ട്രിപ്പിള്‍ കൂടിയാണിത്.

പാകിസ്ഥാന്റെ അഷര്‍ അലി നേടിയ 302 റണ്‍സ് മറികടക്കാനും വാര്‍ണര്‍ക്കായി. സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് വാര്‍ണറെ പവലിയനിലേക്ക് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here