രാജ്യത്ത്‌ കൈക്കൂലി കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്ത്‌

രാജ്യത്ത്‌ കൈക്കൂലി കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത്‌. ലോക്കൽ സർക്കിൾസ്, ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യ എന്നീ സംഘടനകളുടെ ‘ഇന്ത്യ കറപ്‌ഷൻ സർവേ– 2019’ റിപ്പോർട്ടിലാണ്‌ ഈ കണ്ടെത്തല്‍. രാജസ്ഥാനാണ് കൈക്കൂലിയില്‍ മുന്നില്‍. രാജ്യത്താകെ 51 ശതമാനം പേര്‍ക്ക് കൈക്കൂലി നൽകേണ്ടിവന്നു. അഴിമതി തടയാൻ ശക്തമായ സംവിധാനമില്ലെന്നും കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാനായിട്ടില്ലെന്നും സർവേ ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്ന്‌ സർവേയിൽ പങ്കെടുത്ത 90 ശതമാനം പേരും കൈക്കൂലി നൽകാതെ സേവനം ലഭിച്ചതായി പ്രതികരിച്ചു. കൈക്കൂലി നൽകേണ്ടി വന്നവരുടെ എണ്ണത്തില്‍ മുൻ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായി. മുന്‍ സർവേയില്‍ കൈക്കൂലി നല്‍കിയതായി 31 ശതമാനം പേർ അവകാശപ്പെട്ടിരുന്നു.

രാജ്യത്താകെ 51 ശതമാനം പേർ കൈക്കൂലി നല്‍കിയതായി സമ്മതിച്ചു. പലവട്ടം കൈക്കൂലി നൽകിയെന്ന് 24 ശതമാനം പേരും ഒന്നോ രണ്ടോ വട്ടം കൈക്കൂലി നൽകിയെന്ന്‌ 27 ശതമാനം പേരും സമ്മതിച്ചു. 35 ശതമാനം പേർ നേരിട്ടും 30 ശതമാനം പേര്‍ ഏജന്റുമാര്‍ മുഖേനയുമാണ്‌ പണം നൽകിയത്‌. ആറ്‌ ശതമാനം പേർക്ക്‌ കാര്യങ്ങൾ നടത്തിക്കിട്ടാൻ പാരിതോഷികങ്ങൾ നൽകേണ്ടിവന്നു.

കേന്ദ്ര വിജിലൻസ്‌ കമീഷനും സിബിഐയും മിക്കപ്പോഴും നോക്കുകുത്തികളാകുന്നതായി റിപ്പോര്‍‌ട്ടില്‍ പറയുന്നു. ഓഫീസുകൾ കംപ്യൂട്ടർവൽക്കരിച്ചിട്ടും സിസിടിവികൾ സ്ഥാപിച്ചിട്ടും അഴിമതി തടയാനായിട്ടില്ല. സാമൂഹ്യമാധ്യമങ്ങൾ വഴി ഭരണനിർവഹണവും ജനസമ്പർക്കവും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്ന ഏജൻസിയാണ്‌ ലോക്കൽ സർക്കിൾസ്‌. അഴിമതി വിരുദ്ധപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സര്‍ക്കാരിതര ഏജന്‍സിയാണ് ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here