കേരള ബാങ്ക്; സെപ്‌തംബറിൽ പ്രവർത്തനക്ഷമമാകും; കരാർ ഒരു മാസത്തിനകം

കോർ- ബാങ്കിങ്‌ സംവിധാനത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഇടപാടുകാർക്ക് ലഭ്യമാക്കി കേരള ബാങ്ക് അടുത്ത സെപ്‌തംബറിൽ പ്രവർത്തനക്ഷമമാകും. ലയിച്ച ബാങ്കുകളുടെ കോർ ബാങ്കിങ്‌ ഏകീകരണത്തിനുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്‌. താൽപ്പര്യപത്രങ്ങളിൽ സാമ്പത്തിക, സാങ്കേതിക പരിശോധനകൾക്കുശേഷമുള്ള ചർച്ചകളിലേക്ക്‌ കടന്നു.

ഒരു മാസത്തിനകം കരാറാകും. രണ്ടാംഘട്ടത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഈ ശൃഖലയുമായി കൂട്ടിയിണക്കുന്നതോടെ എസ്‌ബിഐക്കുള്ളതിനേക്കാൾ വലിയ ബാങ്കിങ്‌ ശൃംഖലയായി കേരള ബാങ്ക്‌ മാറും. സംസ്ഥാന,- ജില്ലാ സഹകരണബാങ്കുകളുടെ സേവനങ്ങൾ ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. ജനുവരിയിൽ ഇത് പൂർണമാകും.

ബാങ്ക്‌ ലയന ഉത്തരവ്‌ വെള്ളിയാഴ്‌ച പുറത്തിറങ്ങിയതോടെ സംസ്ഥാന സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും ആസ്‌തി–ബാധ്യതകളുടെ സംയോജനം യാഥാർഥ്യമായി. ഇവയുടെ പരിപാലനവും ഈ ബാങ്കുകൾ നൽകിയ സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാനുള്ള ചുമതല സഹകരണവകുപ്പ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കാണ്‌.

ഈ സമിതി ചുമതലയേറ്റു. ബാങ്കുകളുടെ ലയനം പൂർത്തിയാക്കി ബൈലോഭേദഗതിചെയ്‌ത്‌ എത്രയുംവേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണസമിതി അധികാരമേൽക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ജീവനക്കാരുടെ തസ്‌തിക ലയനം (കേഡർ ഇന്റഗ്രേഷൻ) സംഘടനകളുമായി -കൂടിയാലോചിച്ച് മാർച്ച് 31നകം പൂർത്തിയാക്കും. ജില്ലാ സഹകരണ ബാങ്കുകളിൽ 6098ഉം സംസ്ഥാന സഹകരണബാങ്കിൽ 293ഉം ജീവനക്കാരുണ്ട്‌. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്ന എം എസ്‌ ശ്രീറാം കമ്മിറ്റി റിപ്പോർട്ടിലെ നിർദേശം സർക്കാർ സ്വീകരിച്ചിട്ടില്ല. സേവന വേതന പാക്കേജും ശമ്പള പരിഷ്‌കരണവും പഠിക്കാൻ ചുമതലപ്പെടുത്തിയ എം എൻ ഗുണവർധൻ കമ്മിറ്റിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌.

തസ്‌തിക ഏകീകരണം, സീനിയോറിറ്റി, സ്ഥലംമാറ്റം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതി നടപ്പാക്കും. കരാർ ജീവനക്കാർ, ദിവസവേതന ജീവനക്കാർ, കമീഷൻവ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും. ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പ്രൊമോഷൻ, സ്ഥലംമാറ്റം എന്നിവയിൽ വ്യക്തമായ -നയം രൂപീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel