കേന്ദ്രം സബ്സിഡി നൽകിയില്ല; രാസവള നിർമാണ ഫാക്ടറികളും അടച്ചു പൂട്ടലിലേക്ക്‌; കാർഷിമേഖലയിൽ പ്രതിസന്ധി രൂക്ഷമാകും

കാർഷിമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി രാസവള നിർമാണ ഫാക്ടറികളും അടച്ചുപൂട്ടലിലേക്ക്‌. കേന്ദ്രം സബ്സിഡി നൽകാത്തതും മാന്ദ്യം കാരണം കര്‍ഷകര്‍ വളം വാങ്ങുന്നത് കുറഞ്ഞതുമാണ്‌ കമ്പനികളെ കടുത്ത തീരുമാനത്തിലേക്ക്‌ നയിച്ചത്‌.

25 രാസവളനിർമാണ കമ്പനികൾക്ക്‌ സബ്‌സിഡിയിനത്തിൽ 33,691 കോടി രൂപ കേന്ദ്രം നൽകാനുണ്ട്‌. കൃഷിക്ക്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂറിയ ഉൽപ്പാദിപ്പിക്കുന്ന രണ്ട് പ്ലാന്റ് പൂട്ടി. രാജ്യത്തെ പകുതി യൂറിയ കമ്പനികളും നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി.

രാസവള ഉൽപ്പാദനം കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ വെല്ലുവിളിയാകും. വാഹനനിര്‍മാണ മേഖലയ്ക്ക് പിന്നാലെ രാസവള ഉൽപ്പാദനമേഖലയുടെയും തകര്‍ച്ച വെളിപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആറുവർഷമായി കമ്പനികൾ നൽകുന്ന മുന്നറിയിപ്പ്‌ കേന്ദ്രം അവ​ഗണിച്ചത്‌ സ്ഥിതി രൂക്ഷമാക്കി.

രാസവളവ്യവസായത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം നികുതി ഒഴിച്ചാല്‍ ലാഭം 0.43 ശതമാനം മാത്രമാണെന്ന് രാസവള ഉൽപ്പാദന കമ്പനികളുടെ സംഘടന ചൂണ്ടിക്കാട്ടി. യൂറിയ വിലയിൽ 78 ശതമാനവും സബ്‌സിഡിയാണ്‌. ഉൽപാദനച്ചെലവ്‌ വർധിച്ചിട്ടും 2002–-03ലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സബ്‌സിഡി നിശ്ചയിക്കുന്നത്‌. കുത്തിച്ചുയരുന്ന വില കർഷകരെ വളം വാങ്ങുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു.

കർഷകർക്ക്‌ നേരിട്ട്‌ സബ്‌സിഡി നൽകുന്ന സമ്പ്രദായം ഇപ്പോള്‍ പേരിനുമാത്രമാണ്. ഇത്‌ ഫലപ്രദമായി നടപ്പാക്കണമെന്നും സബ്‌ഡിഡി കുടിശ്ശിക തീർക്കാൻ ബജറ്റ്‌ വിഹിതം നീക്കിവയ്‌ക്കണമെന്നും വ്യവസായികൾ ആവശ്യപ്പെട്ടു. അസംസ്‌കൃതവസ്‌തുക്കളുടെ ഇറക്കുമതി ത്തീരുവ കുറയ്‌ക്കണം.

അമോണിയയുടെയും സൾഫ്യൂറിക്‌ ആസിഡിന്റെയും ഉയർന്ന ജിഎസ്‌ടി കുറയ്‌ക്കണമെന്നും ഫെർട്ടിലൈസേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ കെ എസ്‌ രാജുവും ഡയറക്ടർ ജനറൽ സതീഷ്‌ ചന്ദറും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News