മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്‌ത് തീയിട്ടുകൊന്ന കേസ്; നാലു പ്രതികളെയും റിമാൻഡ്‌ ചെയ്‌തു

തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തശേഷം തീയിട്ടുകൊന്ന കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും റിമാൻഡ്‌ചെയ്‌തു. കനത്ത പ്രതിഷേധം കാരണം പ്രതികളെ മഹബൂബ്‌നഗർ കോടതിയിൽ ഹാജരാക്കാനായില്ല.

തുടർന്ന്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി മണ്ഡൽ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടാണ്‌ പ്രതികളെ റിമാൻഡ്‌ ചെയ്‌തത്‌. പ്രതികളായ ചിന്താകുന്ത ചെന്ന കേശവലു, ജോല്ലു ശിവ, ജോല്ലു നവീൻ, മുഹമ്മദ്‌ ആരിഫ്‌ എന്നിവരെ ശാദ്‌ നഗർ പൊലീസ്‌ സ്‌റ്റേഷനിൽനിന്ന്‌ ചഞ്ചൽഗുഡ സെൻട്രൽജയിലിലേക്ക്‌ മാറ്റി.

പ്രതികൾക്ക്‌ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്‌ മൂന്ന്‌ സർക്കാർ ഡോക്ടർമാരുൾപ്പെടെ വനിതകളും സാമൂഹ്യ പ്രവർത്തകരും വിദ്യാർഥികളും പൊലീസ്‌ സ്‌റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി. വിചാരണകൂടാതെ പ്രതികളെ വധശിക്ഷ്ക്ക്‌ വിധേയമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്‌റ്റേഷൻ ഉപരോധം തുടർന്നതോടെ പിൻവാതിലിലൂടെയാണ്‌ മജിസ്‌ട്രേട്ടിന്‌ സ്‌റ്റേഷനിലേക്ക്‌ എത്താനായത്‌. പിന്നീട്‌ സ്‌റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തി.

ട്രക്ക്‌ഡ്രൈവർമാരും ക്ലീനർമാരുമായ നാലുപേരാണ്‌ ബുധനാഴ്‌ച രാത്രി ഹൈദരാബാദ്‌ ഔട്ടർ റിങ്‌ റോഡിനു സമീപം ടോപ്ലാസയ്‌ക്കടുത്ത്‌വച്ച്‌ ഇരുപത്തഞ്ചുകാരിയായ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്‌ത്‌ ചുട്ടുകൊന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here