അഭിഭാഷകരുടെ മറ്റൊരു വിവാദ നടപടി കൂടി പുറത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി ബാര്‍ അസോസിയേഷന്‍

ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രമേയം.

ഈ ഉത്തരവിനെ ബഹിഷ്‌കരിക്കാനും, ബാര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനുമാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.

ഹൈക്കോടതിയുടെ 3/2019 നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ചുള്ള ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ വിവാദ നടപടി. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഇടനിലക്കാര്‍ ഉള്‍പ്പെടെ പണം തട്ടുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനെതിരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയത്. ഉത്തരവ് അഭിഭാഷകരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അദാലത്തുകള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം.

ബാര്‍ കൗണ്‍സില്‍ വഴി ചീഫ് ജസ്റ്റിസിനെ പ്രമേയം സംബന്ധിച്ച വിഷയം അറിയിക്കാനാണ് അസോസിയേഷന്‍ തീരുമാനം.

നവംബര്‍ 26നാണ് ഇത്തരത്തില്‍ ഒരു പ്രമേയം ബാര്‍ അസോസിയേഷന്‍ കൊണ്ടുവന്നത്. എന്നാല്‍ ബാര്‍ അസോസിയേഷന്റെ തീരുമാനം അസാധാരണമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്‌കരിക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനിക്കുന്നത് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നതും.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ മറ്റൊരു വിവാദ നടപടി കൂടി പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here