വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തണം; ലാത്തി ഉപയോഗിക്കരുത്, ദേഹപരിശോധന നടത്തരുത്; നിര്‍ദേശങ്ങളുമായി ഡിജിപി

സംസ്ഥാനത്ത് വാഹന പരിശോധനയില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന നടത്തേണ്ടത്. പരിശോധന ക്യാമറയില്‍ പകര്‍ത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലും ഇന്ന് മുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലുമാണ് വാഹനപരിശോധനയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം വാഹനപരിശോധന നടത്തേണ്ടത്.

പരിശോധന ക്യാമറയില്‍ പകര്‍ത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല.റോഡില്‍ കയറി കൈ കാണിക്കരുത്. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ടതില്ല.

വളവിലും തിരുവിലും പരിശോധന പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്‌റ അറിയിച്ചു. നേരത്തെ തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും കൃത്യമായി പാലിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടല്‍.

അതെസമയം, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലുള്ള പരിശോധനയും ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമാണ് നടത്തുന്നത്. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ വാഹനത്തിലുണ്ടെങ്കില്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാകും.നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇത്തരം നടപടികളിലെയ്ക്ക് അടുത്ത ഘട്ടത്തിലാകും കടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News