ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനു പിന്നാലെ രാജ്യത്തെ ആറ്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലയമായ യുപിയിലെ വാരണാസി, പഞ്ചാബിലെ അമൃത്സർ, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ചത്തീസ്ഗഡിലെ റായ്‌പൂർ വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയതായാണ്‌ റിപ്പോർട്ട്.

വിമാനത്താവളങ്ങളെ രണ്ടാംഘട്ടമായി സ്വകാര്യവത്കരിക്കാനാണ്‌ നീക്കം. ഈ ശുപാർശ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

ആദ്യഘട്ടമായി തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്‌പൂർ, ലക്‌നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങൾ പൊതു–-സ്വകാര്യ പങ്കാളിത്തിലാക്കാൻ(പിപിപി ) കേന്ദ്രസർക്കാർ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. ഈ ആറുവിമാനത്താവളങ്ങളുടെയും കരാർ നേടിയത് അദാനി എന്റർപ്രൈസസാണ്.

ഇതിൽ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് പാട്ടം വ്യവസ്ഥയിൽ അദാനി ഗ്രൂപ്പിന് കൈമാറാൻ ജൂലായിൽ കേന്ദ്രമന്ത്രിസഭ അനുമതി നൽകി.

ഈ നടപടികളുടെ തുടർച്ചയായാണ് രണ്ടാംഘട്ടമായി ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ സെപ്തംബർ അഞ്ചിന് ചേർന്ന എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ യോഗം തീരുമാനിച്ചതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്.

കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം വിമാനത്താവളങ്ങളിൽ 25ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് നീക്കം.

എയർപോർട്ട് അതോറിറ്റിക്ക് വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here