ഹൈദരബാദ്: തെലങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ബിജെപി നേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്.

ഹൈദരബാദിലെ യുവ ബിജെപി നേതാവും ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവുമായ ആശിഷ് ഗൗഡിനെതിരെയാണ് മോഡലിന്റെ ആരോപണം. മുന്‍ എംഎല്‍എയുടെ മകന്‍ കൂടിയാണ് ആശിഷ്.

ഹൈദരബാദിലെ ഒരു പബ്ബില്‍ വെച്ചാണ് ആശിഷ് ഉപദ്രവിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.

സംഭവസമയത്ത് ആശിഷിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിനെതിരായ ലൈംഗികാരോപണം.