ജിഗ്‌സോ പസിലില്‍ ഒളിപ്പിച്ചൊരു റൊമാന്റിക് ഗാനവുമായി മഞ്ജരി

ജിഗ്‌സോ പസില്‍ ഗെയ്മില്‍ ചിത്രങ്ങള്‍ അല്ലെ ഒളിപ്പിക്കുക പാട്ട് ഒളിപ്പിക്കാന്‍ കഴിയുമോ. അതിന് സാധിക്കുമെന്ന് തെളിയിച്ച് പുതിയ സോളോസോങ്ങുമായി എത്തുകയാണ് പിന്നണി ഗായിക മഞ്ജരി.

കണ്ടും കേട്ടും പരിചയിച്ച രീതികളില്‍ നിന്ന് വ്യതിചലിച്ച് വ്യത്യസ്തമായൊരു ഫോര്‍മാറ്റിലാണ് തന്റെ പുതിയ ഗാനം മഞ്ജരി പുറത്തിറക്കുന്നത്.

അറിയാതൊരു ഗാനം എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്. മഞ്ജരി തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഒപ്പം ഗാനരംഗത്ത് പാടി അഭിനയിക്കുന്നുമുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ഥ് ശിവയാണ് ഗാനരംഗം സംവിധാനം ചെയ്യുന്നത്.

ജിഗ്‌സോ പസിലില്‍ കൗതുകമൊളിപ്പിച്ചുകൊണ്ടുള്ള ഗാനത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

തീര്‍ത്തും വ്യത്യസ്തമായൊരു ശ്രേണിയിലുള്ളൊരു ഗാനമാണ് അറിയാതൊരു ഗാനം. റൊമാന്റിക് മെലഡി വിഭാഗത്തില്‍ പെടുന്ന ഗാനം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായിരിക്കുമെന്ന് മഞ്ജരി പറയുന്നു.

ജിഗ്‌സോ പസില്‍ കളിക്കുമ്പോഴുള്ള അതേ ത്രില്‍ പാട്ടിലൂടെ, അതിന്റെ ദൃശ്യ ഭംഗിയിലൂടെ ആസ്വാദകര്‍ക്ക് ലഭ്യമാകും.

ഡിസംബര്‍ 14 ന് യൂട്യൂബ് വഴിയാണ് അറിയാതൊരു ഗാനം പുറത്തിറങ്ങുക. വളരെ പെട്ടന്ന് സംഭവിച്ചൊരു പ്രൊജക്ടാണിതെന്നും പാട്ടിന്റെ സംഗീതം ആദ്യമേ മനസിലുണ്ടായിരുന്നുവെന്നും മഞ്ജരി പറയുന്നു.

ആ ഈണത്തിന് ഹരിനാരായണന്‍ ഒരു ശരീരമേകി. അതിന് സിദ്ധാര്‍ഥ് ശിവ ജീവനും നല്‍കി അങ്ങനെയാണ് അറിയാതൊരു ഗാനം ജനിക്കുന്നതെന്ന് മഞ്ജരി പറയുന്നു.

വര്‍ത്തമാനം എന്ന സിനിമയില്‍ ഞാന്‍ ഒരു അതിഥി താരമായി അഭിനയിച്ചിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് സിദ്ധാര്‍ഥ് ശിവയെ പരിടചയപ്പെടുന്നതും പാട്ടിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമെന്നും മഞ്ജരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here