കൊച്ചി: രണ്ടു തവണ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പത്തംഗ എഫ് സി ഗോവയോട് സമനില വഴങ്ങി.

സ്കോർ: 2-2. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ റെനി റോഡ്രിഗസാണ് ഗോവയ്ക്ക് രണ്ടാമതും സമനില സമ്മാനിച്ച ഗോൾ നേടിയത്.

നേരത്തെ മെസ്സി ബൗളിയുടെ ഗോളിലാണ് എഫ്.സി. ഗോവയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതും ലീഡ് നേടിയത്.

അമ്പത്തിയൊൻപതാം മിനിറ്റിൽ മലയാളി കാരം പ്രശാന്തിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. സ്കോർ: 2-1.

രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന് നാൽപത്തിയൊന്നാം മിനിറ്റിലാണ് ഗോവ തിരിച്ചടി നൽകിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

ആറു കളികളിൽ നിന്ന് ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണ്. ആറു കളികളിൽ നിന്ന് അഞ്ച് പോയിന്റുള്ള അവർ എട്ടാം സ്ഥാനത്താണ്. ഒരൊറ്റ ജയം മാത്രമാണ് അവർക്ക് സ്വന്തമായുള്ളത്.