തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ മറവിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ് മാർച്ച് നടത്തും.
കോളേജിനും എസ്‌എഫ്‌ഐക്കുമെതിരെ ഒരുകൂട്ടം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ നുണപ്രചാരണം അവസാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ഹോസ്റ്റലിൽ ഒരു വിദ്യാർഥിയെ മർദിച്ച സംഭവത്തിന്റെ മറവിലാണ് പുതിയ കള്ളക്കഥകൾ. വിദ്യാർഥിയെ മർദിച്ചതായി പറയുന്ന മഹേഷിനെ ഹോസ്റ്റലിൽനിന്ന് പുറത്താക്കണമെന്ന് എസ്‌എഫ്‌ഐ നേരത്തെ ആവശ്യപ്പെട്ടതാണ്.
ഒരു നടപടിയും എടുത്തില്ല. ഇതിന് ഉത്തരവാദികളായ ഹോസ്റ്റലിന്റെ ചുമതലക്കാർക്കെതിരെ നടപടി വേണം. മഹേഷിന് എസ്‌എഫ്‌ഐയുമായി ബന്ധമില്ലെന്നും നേരത്തെ അറിയിച്ചതാണ്.
ഹോസ്റ്റൽ സംഭവത്തിന്റെ പേരിൽ കോളേജിൽ കയറിയ ഒരുസംഘം കെഎസ്‌യു പ്രവർത്തകർ അജിത് നാരായണൻ എന്ന വിദ്യാർഥിയെ മർദിച്ചതാണ് തുടർന്നുള്ള സംഘർഷങ്ങൾക്ക് ഇടയാക്കിയത്.
ഇതോടെ പൊലീസ് കെഎസ്‌യുക്കാരെ പുറത്താക്കി ഗേറ്റ് അടച്ചതാണ്. അതിനിടയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ അശ്വിൻ പ്രിൻസിനെയും കെഎസ്‌യു സംഘം മർദിച്ചു.
തുടർന്ന് അശ്വിനെ രക്ഷപ്പെടുത്താൻ എത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെയും മർദിച്ച കെഎസ്‌യു സംഘം ക്യാമ്പസിലേക്ക് തുരുതുരാ കല്ലെറിഞ്ഞു.
സംഘർഷം കൊഴുപ്പിക്കാൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തും സംഘവും അതിനു പിന്നാലെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരും എത്തിയതും ഗൂഢാലോചനയാണ്. ഇത്തരം ഗൂഢനീക്കങ്ങൾ വിദ്യാർഥികൾ ചെറുത്തുതോൽപ്പിക്കുമെന്നും എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.