ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇന്ത്യയില്‍ എഴുതിയും എതിര്‍ത്തും പൊരുതാനുള്ള തന്റേടം എഴുത്തുകാര്‍ കാണിക്കണം: കവി എസ് രമേശന്‍

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന വര്‍ത്തമാന കാല ഇന്ത്യയില്‍ എഴുതിയും എതിര്‍ത്തും പൊരുതാനുള്ള തന്റേടം എഴുത്തുകാര്‍ കാണിക്കണമെന്ന് കവി എസ് രമേശന്‍.കുമാരനാശാന്‍ , ചിന്താവിഷ്ടയായ സീത എഴുതിയതിന്റെ നൂറാം വാര്‍ഷികത്തില്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം തനിക്ക് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഹൃദയ പക്ഷ ചേരി കൂടുതല്‍ ശക്തമാവേണ്ടതുണ്ടെന്നും എസ് രമേശന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

വൈക്കം സ്വദേശിയായ എസ് രമേശന്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ആദ്യ സമ്മാനം ലഭിക്കുന്നത്.അന്ന് സാക്ഷാല്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ സമ്മാനിച്ച പേനത്തുമ്പില്‍ നിന്ന് പിന്നീട് നിരവധി കവിതകള്‍ പിറന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പടെ ലഭിച്ച എസ് രമേശന്‍ ഇപ്പോള്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരത്തിന്റെ നിറവിലാണ്.കവിതയുടെ രീതി ശാസ്ത്രങ്ങള്‍ മാറിയെങ്കിലും ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഹൃദയ പക്ഷത്ത് നില്‍ക്കുക എന്നതാണ് ആധുനിക കാലത്ത് ഒരു കവിയുടെ ധര്‍മ്മമെന്ന് എസ് രമേശന്‍ പറഞ്ഞു.

അടിയന്തിരാവസ്ഥക്കാലത്ത് തന്റെ കവിതകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.തുറന്നെഴുതാന്‍ കഴിയാതിരുന്ന കാലമായിരുന്നു അത്.ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ അതിഭീകരമാം വിധം തടയുമ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.വര്‍ത്തമാനകാല ഇന്ത്യയിലെ സാഹചര്യവും സമാനമാണ്.അതിനാല്‍ ഹൃദയപക്ഷ ചേരി കൂടുതല്‍ ശക്തമാകേണ്ടതുണ്ട്.അതിനായി പുരോഗമന എഴുത്തുകാര്‍ ഉള്‍പ്പടെ രംഗത്ത് വരണം.

ഭയന്ന് മാറി നില്‍ക്കലല്ല എഴുത്തുകാരന്റെ കര്‍ത്തവ്യം.എഴുതാതിരിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോട് എഴുത്തുകാരന്‍ കാണിക്കുന്ന നിഷേധാത്മക സമീപനമാണ്.’കറുത്ത വവ്വാലുകള്‍’ ആണ് തന്റെ പുതിയ പുസ്തകം.ഈ കവിതയില്‍ വര്‍ത്തമാനകാലത്തെ ആകുലതകളും പീഡനങ്ങളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.അത്തരം എഴുത്തുകള്‍ ഇനിയും തുടരുമെന്നും എസ് രമേശന്‍ വ്യക്തമാക്കി.

മലയാള കവിതക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പ്രൊഫ.എം കെ സാനു ഉള്‍പ്പടുന്ന ജഡ്ജിങ്ങ് കമ്മിറ്റി എസ് രമേശനെ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.ഈ മാസം 10 ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.രാജന്‍ ഗുരുക്കള്‍ പുരസ്‌ക്കാരം സമ്മാനിക്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ വൈസ് പ്രസിഡന്റുമാണ് എസ് രമേശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here