ഇന്ത്യയില്‍ സവാള വില കുതിച്ചുയരുകയാണ്. അതിന്റെ ആശങ്ക രാജ്യത്താകമാനമുണ്ട്. 100-120 രൂപയൊക്കെ ആയി സവാളയും ചെറിയ ഉള്ളിയുമൊക്കെ കുതിക്കുമ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് ആവലാതിയിലാണ് വീട്ടമ്മമാര്‍.

സവാള മോഷണവും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. എന്തായാലും രാജ്യവ്യാപകമായി സവാള വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ട്രോളുകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

കല്യാണവീട്ടില്‍ ചറപറ സവാള അരിയുന്ന കല്യാണരാമന്‍ സിനിമയിലെ പ്യാരിയെ ഓര്‍മയില്ലേ. ഇന്നത്തെ അവസ്ഥയില്‍ മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ രംഗമാണ് ഇതെന്ന് ട്രോളന്മാര്‍ പറയുന്നു. തട്ടുകടകളില്‍ ഓംലൈറ്റില്‍ സവാളയ്ക്കു പകരം കാബേജ് ഇടാനും തുടങ്ങി. പണ്ട് ചിക്കന്‍ റോളില്‍ ചിക്കന്‍ ഇല്ല, സവാള മാത്രമേ ഉള്ളൂ എന്നായിരുന്നു പരാതി. ഇന്നിപ്പോള്‍ സവാള നോക്കിയിട്ട് കാണാനില്ലത്ര.

ബിരിയാണിയിലെ കച്ചമ്പറില്‍ നിന്ന് സവാള പെറുക്കി പോകുന്നവരും ട്രോളന്മാരുടെ ഭാവനയില്‍ വിരിഞ്ഞു. സീരീയില്‍ കില്ലര്‍ പവനായിയുടെ കയ്യിലുള്ള ‘വിലകൂടിയ’ ഐറ്റങ്ങളിലും സവാള സ്ഥാനം പിടിച്ചു. സവാള ചാക്ക് കെട്ടിപ്പിടിച്ചും പൂട്ടിയിട്ടും ഉറങ്ങുന്ന ചിത്രങ്ങളും വൈറലാണ്. നിരവധി രസകരമായ ട്വീറ്റുകളും സോഷ്യല്‍ ലോകത്ത് ചിരിപടര്‍ത്തി.