മാമാങ്കം വിശേഷങ്ങൾ കൈരളി ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ച് മണികണ്ഠൻ ആചാരി

ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘മാമാങ്കം’ വിശേഷങ്ങൾ കൈരളി ന്യൂസ് ഓൺലൈൻ വേണ്ടി പ്രശോഭ് രവിയുമായി പങ്കുവച്ചപ്പോൾ.

മാമാങ്കം എന്ന സിനിമയെക്കുറിച്ച്; ആ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കഥാപാത്രമാകാൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച്??

മാമാങ്കം എന്ന സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ മാത്രം ഞാൻ ആ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമല്ല ചെയ്തിട്ടുള്ളത്. വളരെ ചെറിയൊരു കഥാപാത്രത്തെയാണ് ഞാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് മിനുറ്റ് മാത്രമേ ഞാൻ ആ ചിത്രത്തിൽ ഉള്ളു.

ആ കഥയും കഥാപാത്രങ്ങളെയും എല്ലാവർക്കും അറിയാവുന്നതാണ്. അത് പഠിക്കാനും ഇതിനു മുൻപ് സിനിമയായും അത് വന്നിട്ടുണ്ട്. പക്ഷേ ആദ്യത്തെ സിനിമയിൽ വിട്ടു പോയ പറയാൻ പറ്റാതെ പോയിട്ടുള്ള ഒരു ഏടാണ് പുതിയ മാമാങ്കത്തിൽ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നത് എന്ന് മാത്രമേ എനിക്ക് ഇപ്പോൾ പറയാനാകു.

സിനിമ ഞാൻ പൂർണ്ണമായും കണ്ടിട്ടില്ല ഡബ് ചെയ്ത എന്റെ ഭാഗം മാത്രമേ കണ്ടിട്ടുള്ളു. മാമാങ്കം സിനിമയിൽ മെത്തമായി വർക്ക് ചെയ്ത വരുടെ അഭിപ്രായത്തിൽ ഒരു പാട് പ്രതീക്ഷകൾ തരുന്നു. പഴശ്ശിരാജയ്ക്ക് ശേഷം അത്രയും വലിയ ചരിത്ര സിനിമ ഇറങ്ങിയിട്ടില്ല.

എന്തായാലും ഒരു പക്ഷേ ആ സിനിമയെക്കാൾ മുകളിലേക്ക് മാമാങ്കം പോകുമെന്ന് മറ്റെല്ലാ മലയാളികളെ പോലെ ഞാനും വിശ്വസിക്കുന്നു. എന്റെ കഥാപാത്രം മമ്മൂക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ യാത്രയിൽ സഹായിക്കുന്ന ഒരു കഥാപാത്രമാണ് അവിടുത്തെ നാട്ടുകാരനാണ്.

സാമൂതിരിക്കെതിരെ പടപൊരുതുന്നവരെ സഹായിക്കുന്ന ഒരു കഥാപാത്രമാണ്. കുങ്കൻ എന്നാണ് കഥാപാത്രത്തിന്റെ പേര് അത് ചെയ്യാനായിട്ട് പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല. ആ കാലത്തെ ഭാഷയാണ് ഉപയോഗിക്കുന്നത് അത് പറഞ്ഞു തരുമ്പോൾ പഠിക്കാൻ ശ്രമിച്ചു.

ശാരീരികമായിട്ടോ മറ്റ് വലിയ തയ്യാറെടുപ്പുകൾ ഒന്നും വേണ്ടുന്ന ഒരു കഥാപാത്രമല്ല. ഒരു സപ്പോട്ടിങ്ങ് കഥാപാത്രമാണ് വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം വരുന്ന. പക്ഷേ വരുന്ന ഭാഗം എന്തായാലും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കും ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങൾ ഒക്കെ ഉള്ളോരു കഥാപാത്രമാണ്.

മാമാങ്കം എന്ന ചിത്രത്തിലെ ലൊക്കേഷൻ അനുഭവങ്ങൾ.പ്രത്യേകിച്ച് മമ്മൂക്കയുമൊത്ത് ആദ്യ സിനിമയാണ് അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുമ്പോൾ ഉള്ള അനുഭവം?

ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാം തന്നെ പോസറ്റീവായ അനുഭവങ്ങളാണ്. മോശമായൊന്നും സംഭവിച്ചിട്ടില്ല. ആ സിനിമയുടെ തുടക്കം മുതൽ പക്ക് അപ്പ് പറയുന്നത് വരെ ഞാൻ ഉണ്ടായിരുന്നു സിനിമയിൽ അത്രയൊന്നും ഇല്ലെങ്കിലും.

അതിന്റെ അണിയറ പരിപാടികളുടെ കൂടെ അത്രയും നീണ്ടിട്ടുണ്ട് എന്റെ കാലാവധി. ഏറ്റവും അവസാനമാണ് ഞാൻ ഉള്ള രംഗങ്ങളുടെ ചിത്രീകരണം അവസാനിക്കുന്നത്. അതിനിടയിൽ എന്റെ പിറന്നാൾ വന്നു. പിറന്നാൾ വന്നപ്പോൾ എനിക്ക് ഷൂട്ടില്ല സത്യത്തിൽ വീട്ടിൽ ഇരിക്കുകയാണ് ആ സമയത്ത് എൻക്വയറി പോലും ഇല്ലാത്ത സമയമാണ്.

നമ്മൾ എന്തു ചെയ്യുന്നു സിനിമയുണ്ടോ. ആ പടത്തിൽ ചെയ്യാമോ ഈ പടത്തിൽ ചെയ്യാമോ കഥ കേൾക്കൽ അങ്ങനെ ഒന്നും ഇല്ലാതെ ചെറുതായി നിരാശപ്പെട്ട് ഇരിക്കുന്ന ഒരവസ്ഥയിൽ എന്റെ പിറന്നാൾ ദിവസം ഞാൻ വെറുതെ അതിന്റെ കോഡിനേറ്റർ ആയിട്ടുള്ള മീര എന്നു പേരുള്ള ചേച്ചിയുണ്ട് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ആയിട്ടുള്ള അവരെ വിളിച്ചിട്ട് ഞാൻ ചോദിച്ചു എവിടെയാണ് ഷൂട്ട് നടക്കുന്നത് ആരൊക്കെയുണ്ട്.

എറണാകുളത്ത് തന്നെയാണ് മമ്മൂക്കയുണ്ട്. നീയെന്താ പരിപാടി എന്നവർ എന്നോട് ചോദിച്ചു. ഞാൻ അപ്പോൾ പറഞ്ഞു എന്തെടുക്കാൻ വീട്ടിൽ വെറുതെയിരിക്കുകയാ ഇന്നെന്റെ പിറന്നാളാണ്. എന്ത് പിറന്നാള് ഞാൻ പറഞ്ഞു. പിറന്നാളാണോ എന്നാൽ ഒരു കാര്യം ചെയ് നീ ലൊക്കേഷനിലേക്ക് വാ നമുക്ക് കേക്ക് ഒക്കെ മുറിക്കാം. സത്യത്തിൽ ആ ഒരു വാക്ക് അവരെക്കൊണ്ട് ഞാൻ പറയിപ്പിച്ചതാണ്.

വാർത്തയിൽ ഉണ്ടാവുക എന്നത് നടൻമാരെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലാക്കിതന്ന കാലഘട്ടമാണ് കഴിഞ്ഞു പോയത്. വാർത്തയ്ക്ക് വേണ്ടി എന്തും കാണിക്കാൻ തയ്യാറല്ല പക്ഷേ ഉള്ള വാർത്തകൾ നമ്മൾ ആഘോഷിക്കാതിരിക്കേണ്ട കാര്യവുമില്ല.

അപ്പോൾ അവസരം പാഴാക്കേണ്ട എന്നു കരുതി ഞാൻ ചെന്നു. ഞാൻ ചെല്ലുന്നതിന് മുൻപ് മമ്മൂക്കയുടെ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു. ആ സമയം നോമ്പിന്റെ സമയമാണ് മമ്മൂക്ക പോകാൻ വേണ്ടി നിൽക്കുകയാണ് അപ്പോഴാണ് പറയുന്നത് മണിയുടെ പിറന്നാളാണെന്ന്.

മണി വരാൻ ഇത്തിരി ലേറ്റാകുമെന്ന് തോന്നുന്നു. മമ്മൂക്ക പോയിക്കോളു എന്നവർ പറഞ്ഞിട്ടും. കുഴപ്പമില്ല അവൻ വരട്ടെ എന്ന് പറഞ്ഞ് എനിക്ക് വേണ്ടി കാത്തിരുന്നു അദ്ദേഹം. വളരെ സന്തോഷത്തോടെ എനിക്ക് കേക്ക്കട്ട് ചെയ്ത് തരികയും ആ ഫോട്ടോ ഫെയിസ്ബുക്കിൽ ഇടുകയും അവിടെ നിന്ന് എന്റെ ഫെയിസ്ബുക്ക് അക്കൗണ്ട് വീണ്ടും സടകുടഞ്ഞ് എഴുന്നേൽക്കുകയും ആ ഒരു വൈബിലാണ് രജനികാന്ത് ചിത്രമായ പേട്ടയിലേക്കുള്ള അങ്ങനെയായിരുന്നു.

അതിന് ശേഷം വീണ്ടും സിനിമയിലുള്ള അവസരം കൂടാൻ തുടങ്ങി .. കഥകൾ കേൾക്കാൻ തുടങ്ങി അപ്പോ അതാണ് മാമാങ്കം സിനിമ തരുന്ന അനുഭവം. പിന്നെ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക ഒരു പാട് ഹെൽപ്പ് ചെയ്യും. പിന്നെ എനിക്ക് അടുത്ത് ചെന്ന് സംസാരിക്കുവാനുള്ള ഫ്രീഡം അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്.

മമ്മൂക്കയുമൊത്ത് ആദ്യത്തെ സിനിമയാണെങ്കിലും എനിക്ക് നല്ല ആത്മ ബന്ധം ഉണ്ട്.പിന്നെ അതിൽ പപ്പേട്ടൻ എല്ലാവരും ഭയങ്കര ഫ്രൺഷിപ്പ് മൈന്റിലാണ് വർക്ക് ചെയ്തിട്ടുള്ളത്. വേണു സാർ ആണെങ്കിലും.

എല്ലാവരും ഹാപ്പി ആയിട്ടുള്ള ഒരു സെറ്റ് തന്നെയായിരുന്നു പിന്നെ ഈ ഹാപ്പി എന്ന് പറയുമ്പോൾ നമ്മൾ ഒരു കുടുംബം എന്ന ഫീല് കുറെ നാളാകുമ്പോൾ വരുമല്ലേ?.പിന്നെ കുടുംബം ആകുമ്പോൾ സന്തോഷവും സങ്കടവും ചെറിയ ചെറിയ തല്ലു പിടുത്തവും ഒക്കെയുണ്ടാവുമല്ലോ അതെല്ലാം ഉള്ള സമ്പൂർണ്ണ കുടുംബചിത്രം തന്നെയാണ് മാമാങ്കം.

ഏറ്റവും അധികം നടൻ എന്ന നിലയിൽ സംതൃപ്തി ലഭിക്കുന്നത് നാടകത്തിൽ അഭിനയിക്കുമ്പോഴാണോ സിനിമയിൽ അഭിനയിക്കുമ്പോഴാണോ?

നല്ല ചോദ്യമാണ് . ഒരു നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സംതൃപ്തി ലഭിക്കുന്നത് എന്റെ അഭിപ്രായത്തിൽ നിർവ്വാണ അവസ്ഥയിൽ നിൽക്കുമ്പോഴാണ്.നിർവ്വാണ അവസ്ഥ എന്ന് പറയുന്നത് നമ്മൾ ഒന്നുമില്ലാതെ അതായത് ഉള്ളതെല്ലാം തുറന്ന് കാണിച്ചു കൊണ്ട് ലൗഡ് ആയിട്ട് ഓപ്പണായിട്ട് നിൽക്കുമ്പോൾ ഒരു പരമാനന്ദ സുഖമുണ്ട്.

അത് ഒരിക്കലും നമുക്ക് മനുഷ്യ ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്നതല്ല. അതിന് വേണ്ടിയിട്ടാണ് എല്ലാവരും ജീവിക്കുന്നതെന്ന് തോന്നുന്നു. ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് നഗ്നമായ അവസ്ഥയിലേക്ക് എത്താൻ വേണ്ടിയുള്ള പ്രയാണമാണ് ജീവിതം. അതുപോലെ തന്നെ അഭിനയം ആയാലും.

എന്റെ എല്ലാ കഴിവുകളും തുറന്ന് കാണിച്ച് നിൽക്കാൻ കഴിയുക അങ്ങനത്തെ ഒരവസരം കിട്ടുക എന്നു പറയുന്നത്. അതിന് വേണ്ടിയിട്ടാണ് എന്റെ മുന്നോട്ടുള്ള പോക്ക് ഏറ്റവും വലിയ ആഗ്രഹം.അത് ഏത് വരെ സാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ കമ്മട്ടിപാടം എന്റെ ആദ്യത്തെ സിനിമയാണ്.

ആദ്യത്തെ സിനിമയിൽ തന്നെ അതിന്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു.തുണിയില്ലാതെ നിൽക്കുക എന്നല്ല അതിന്റെ അർത്ഥം. നമ്മുടെ മനസ്സിനെ നിയന്ത്രിക്കാതെ നമ്മുടെ വികാരങ്ങളെ കടിഞ്ഞാൺ ഇട്ട് പൂട്ടി വെയ്ക്കാതെ എല്ലാം തുറന്ന് ലൗഡാവാൻ ഓപ്പണാവാൻ പറ്റിയിട്ടുള്ള കമ്മട്ടിപാടത്തിലെ ബാലൻ എന്നു പറഞ്ഞ കഥാപാത്രം മാത്രമാണ് അതിനു ശേഷം എല്ലാത്തിനും ഒരു ഒളിവുകളുണ്ട് മറവുകളുണ്ട് ഒരു മതിൽ കെട്ടിനകത്ത് നിന്നു കൊണ്ടാണ് എല്ലാ കഥാപാത്രങ്ങളും നിൽക്കുന്നത്. അപ്പോൾ അത് ഇതുവരെ പൊളിക്കാൻ പറ്റിയിട്ടില്ല അതാണ് എന്റെയൊരാഗ്രഹം.അതിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

നടൻ എന്ന നിലയിൽ അഭിനന്ദനങ്ങളെയും വിമർശനങ്ങളെയും എങ്ങനെയാണ് നോക്കി കാണുന്നത്?അഭിനേതാവ് എന്ന നിലയിൽ അവരണ്ടും ചെലുത്തുന്ന സ്വാധീനം?

നടൻ എന്ന നിലയിൽ നമ്മൾ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തന്നെ അതിന്റെ റിസൾട്ട് കിട്ടും നല്ലതോ ചീത്തയോ എന്നത്. അതല്ല മോശമാണെങ്കിൽ അതങ്ങോട്ട് എത്തുന്നില്ലെങ്കിൽ നമുക്ക് അതിന്റെ റിസൾട്ട് അപ്പോൾ തന്നെ അറിയാൻ കഴിയും. ആരും പറയുന്നതല്ല അത് സ്വന്തമായിട്ടറിയും അപ്പോൾ അതിനെ വിമർശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ആദ്യത്തെ പ്രേക്ഷകൻ ഞാൻ തന്നെയാണ്.

ഞാനാണ് പെർഫോമൻസിന്റെ റിസൾട്ടറിയുന്ന ആദ്യത്തെയാള് നടൻ എന്ന നിലയിൽ. വ്യക്തി എന്ന നിലയിൽ ആളുകൾ പടം കണ്ടു കഴിഞ്ഞ് നന്നായിട്ടുണ്ടെന്ന് ആളുകൾ പറയുമ്പോൾ സന്തോഷമാണ്. അല്ലാതെ മോശമായി അല്ലെങ്കിൽ ഓവറായി എന്നൊക്കെ പറയുമ്പോൾ അല്ലെങ്കിൽ ഒന്നും പറയാതിരിക്കുമ്പോൾ അതെപോലെ ഡൗണുമാകുന്ന ഒരു സാധാരണക്കാരനാണു ഞാൻ. പൊക്കിയാൽ ആകാശത്തോളം പൊങ്ങും, താഴ്ത്തിയാൽ ഭൂമിക്കടിയിലേക്കു പോകും അങ്ങനെ മനസ്സിന് ബലമില്ലാത്തൊരാളാണു ഞാൻ. ചുരിക്കിപറഞ്ഞാൽ എല്ലാത്തരം അവസ്ഥകളിലൂടെയും കടന്നു പോകുന്നൊരു സാധാരണക്കാരൻ.

നടൻ എന്ന നിലയിൽ പലവിധത്തിൽ ഉള്ള കഥാപാത്രങ്ങളെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് എന്നാൽ ഏറ്റവും വലിയ സ്വപ്നമായി കൊണ്ടു നടക്കുന്ന ഒരു വേഷം അല്ലെങ്കിൽ എപ്പോഴെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന കഥാപാത്രം അതിനെക്കുറിച്ച് പറയാമോ?

ഞാൻ സ്വപ്നം കാണുന്ന കഥാപാത്രം ഡ്രീം ക്യാരക്റ്റർ അങ്ങനെയൊന്നില്ല. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മറ്റുള്ളവരുടെ സ്വപ്നമായിരിക്കണം അത്ര മാത്രം അതിന് ക്ലാരിറ്റി ഉണ്ടാവണം അതിന്മേൻമയുണ്ടാകണം അതാണ് എന്റെ ആഗ്രഹം. വേറെ സ്വപ്ന കഥാപാത്രം അങ്ങനെയൊന്നില്ല.

മാമാങ്കത്തിന് ശേഷം വരാനിരിക്കുന്ന സിനിമകൾ?

മാമാങ്കമാണ് ഏറ്റവും ആദ്യം എത്തുന്നറിലീസ്. പിന്നെ സണ്ണിവെയിൻ നായകനായ അനുഗ്രഹീതൻ ആന്റണി പിന്നെ മാമനിതൻ എന്ന വിജയ് സേതുപതിയുടെ തമിഴ് ചിത്രം.

ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നത് തുറമുഖം പിന്നെ കാർത്തിക്ക് സുബരാജ് നിർമ്മിക്കുന്ന ഒരു വെബ്സീരീസ് അതിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ഇത്രയുമാണ് നിലവിൽ പുറത്ത് പറയാനുള്ള പ്രൊജക്റ്റുകൾ. ബാക്കിയുള്ളവ അതത് സമയത്ത് പ്രിയപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News