ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യാഴാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ന്‍ നിഗത്തിന്റ കുടുംബം അമ്മയക്ക് കത്ത് നല്‍കിയിരുന്നു.
ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ച സാഹചര്യത്തില്‍ താരസംഘടന അമ്മയുടെ സഹായം തേടി നടന്റെ കുടുംബം കത്ത് നല്‍കിയിരുന്നു.
പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ന്റെ കുടുംബം ആറ് പേജുളള കത്ത് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നേരിട്ട് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുന്നത്.
വ്യാഴാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്താനാണ് തീരുമാനം. ഷെയ്ന്‍ ചെയ്ത തെറ്റുകളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഇടവേള ബാബു വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയ്‌നെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും വ്യക്തമാക്കി.
സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും ഇതേ നിലപാട് തന്നെയാണുളളത്. വെയില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ സഹായിക്കണമെന്ന നവാഗത സംവിധായകന്‍ ശരത്തിന്റെ കത്തിനെ തുടര്‍ന്ന് ഫെഫ്കയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി, ഉല്ലാസം സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയും കത്ത് നല്‍കിയിട്ടുണ്ട്.
ഷെയ്ന്‍ നിഗത്തിന്റെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലും വിഷയം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ആവശ്യമാണ് അമ്മയും ഫെഫ്കയും മുന്നോട്ടുവയ്ക്കുന്നത്.
Get real time update about this post categories directly on your device, subscribe now.