ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയനിർമാണ കേന്ദ്രം; “സെഞ്ച്വറി മെഡ്‌ ആർട്ടിഫിഷൽ ഹാർട്ട്‌ സെന്റർ’ ഷൊർണൂർ വാണിയംകുളത്ത്‌

ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയനിർമാണ കേന്ദ്രം ഷൊർണൂരിലെ വാണിയംകുളത്ത്‌ വരുന്നു. ഗവേഷണ സ്ഥാപനം, നിർമാണ യൂണിറ്റ്‌, 500 പേർക്ക്‌ കിടത്തി ചികിത്സയ്‌ക്കുള്ള ആശുപത്രി, അധ്യാപക ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയടങ്ങുന്ന 1000 കോടി രൂപയുടെതാണ്‌ പദ്ധതി.

പൂർണമായും സ്വകാര്യമേഖലയിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടരവർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉടമ ഡോ. മൂസക്കുഞ്ഞി, ഷൊർണൂർ എംഎൽഎ പി കെ ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദയശസ്‌ത്രക്രിയ നടത്തിയ ഡോക്ടറാണ്‌ മൂസക്കുഞ്ഞി.

രാജ്യാന്തര ഹാർട്ട്‌ ലിങ്ക്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ “സെഞ്ച്വറി മെഡ്‌ ആർട്ടിഫിഷൽ ഹാർട്ട്‌ സെന്റർ’ എന്ന പേരിലാകും കേന്ദ്രം. 20 ഏക്കർ ഭൂമി ഏറ്റെടുത്തു. യൂറോപ്പിലും അമേരിക്കയിലും മാത്രമാണ്‌ നിലവിൽ കൃത്രിമ ഹൃദയം നിർമിക്കുന്നത്‌.

ഗതാഗതസൗകര്യം പരിഗണിച്ചാണ്‌ വാണിയംകുളത്ത്‌ കേന്ദ്രം ആരംഭിക്കുന്നതെന്ന്‌ ഡോ. മൂസക്കുഞ്ഞി പറഞ്ഞു. നിലവിൽ കൃത്രിമ ഹൃദയ മാറ്റത്തിന് ഒന്നരക്കോടി രൂപവരെ ചെലവുണ്ട്‌. ഈ സ്ഥാപനം വരുന്നതോടെ ചെലവ്‌ പത്ത്‌ ലക്ഷമായി കുറയും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിവിധ ഘടകങ്ങളും ഇവിടെ നിർമിക്കും. ലോകത്ത്‌ ഹൃദയതകരാറുള്ള അഞ്ചരക്കോടി ആളുകളിൽ രണ്ടരക്കോടിയും ഇന്ത്യയിലാണ്‌.

2040ഓടെ ഇവരുടെ എണ്ണം ഇന്ത്യയിൽ മാത്രം അഞ്ചുകോടിയാകും. ഹൃദയതകരാറുള്ളവർക്ക്‌ വേഗത്തിൽ വാണിയംകുളത്ത്‌ എത്താന്‍ ഹൈസ്‌പീഡ്‌ റെയിൽ ആംബുലൻസ്‌ സംവിധാനം എന്ന നിർദേശം മുഖ്യമന്ത്രിക്ക്‌ സമർപ്പിക്കുമെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

സ്ഥാപനം ഷൊർണൂർ മണ്ഡലത്തിന്‌ മുതൽക്കൂട്ടാകുമെന്ന്‌ പി കെ ശശി എംഎൽഎ പറഞ്ഞു. 3000 പേർക്ക്‌ നേരിട്ടും 10,000 പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു. വാണിയംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയ, സ്ഥിരംസമിതി അധ്യക്ഷ ജയപ്രഭ, സജീത്‌ഖാൻ, ജാഫർ തങ്ങൾ, കെ കെ ഷംസുദ്ദീൻ, വി കെ ജോണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News