‘കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ഈ ലക്ഷ്യത്തിലെത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം’ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ലോക ഭിന്നശേഷിദിനസന്ദേശം

ഒരിക്കല്‍ക്കൂടി ലോക ഭിന്നശേഷിദിനം എത്തുമ്പോള്‍ കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഭിന്നശേഷിരംഗത്ത്- മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവല്‍ക്കരണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ലോക ഭിന്നശേഷിദിനത്തില്‍ രാഷ്ട്രപതിയുടെ കൈയില്‍നിന്ന് ഇങ്ങനെയൊരു അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ കേരളത്തിന് ഏറെ അഭിമാനിക്കാം. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

കേരളത്തില്‍നിന്ന് വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിനുമുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ഭിന്നശേഷി മറികടന്ന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തിലെ നാല് ഭിന്നശേഷിക്കാര്‍ക്ക്- വ്യക്തിഗത അവാര്‍ഡുകൂടി ഈവര്‍ഷം ലഭിച്ചത്- സന്തോഷം ഇരട്ടിപ്പിക്കുന്നു.

വിപുലമായ പ്രവര്‍ത്തനങ്ങള്‍

ഭിന്നശേഷിമേഖലയുടെ പുരോഗതിക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്-. അതിന്റെ ഭാഗമായി പിഎസ്സിയിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി. ഗര്‍ഭസ്ഥശിശുമുതല്‍ ശയ്യാവലംബര്‍വരെയുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും അഭിമുഖീകരിക്കാന്‍ കഴിയുന്ന സമഗ്ര ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതിക്ക്അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹ്യനീതി വകുപ്പിനുകീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ട്.

നാഷണല്‍ ട്രസ്റ്റിന് കീഴില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനും നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ദേശീയതലത്തില്‍ മികച്ച എന്‍ട്രോള്‍മെന്റ് ശതമാനം കൈവരിക്കാനായതിനും ഇതിനോടകംതന്നെ സംസ്ഥാന സര്‍ക്കാരിന് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി ആര്‍പിഡബ്ല്യുഡി ആക്ട് 2016 പ്രകാരം തൊഴില്‍സംവരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുനരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷാപദ്ധതി, സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്നോളജി തുടങ്ങിയ പദ്ധതികളും ഭിന്നശേഷിമേഖലയെ ശക്തിപ്പെടുത്തുന്നു.

2016ലെ ആര്‍പിഡബ്ല്യുഡി ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ കാര്യവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിനും ആയതിന്റെ ഭാഗമായി എല്ലാ തലത്തിലും ആക്ടിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും സാമൂഹ്യനീതിവകുപ്പിന് സാധിച്ചിട്ടുണ്ട്. ഭിന്നശേഷിമേഖലയിലെ സേവനം സമ്പൂര്‍ണതയിലെത്തിക്കാന്‍ നിഷ്- മുഖേന വിവിധ കോഴ്സുകള്‍ സംഘടിപ്പിക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്.

ക്ഷേമപദ്ധതികള്‍

സാമൂഹ്യനീതിവകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എന്നിവവഴി ഒട്ടനവധി ക്ഷേമപദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി ആസൂത്രണംചെയ്ത് നടപ്പാക്കിവരുന്നത്. അടിയന്തര സാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്‍കുന്ന പരിരക്ഷാപദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാവിന് സ്വയംതൊഴില്‍ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ച വൈകല്യം ബാധിച്ച അമ്മമാര്‍ക്ക് കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നല്‍കുന്ന മാതൃജ്യോതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹധനസഹായം നല്‍കുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ യൂണിഫോം എന്നിവ നല്‍കുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം , എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ‘ബാരിയര്‍ ഫ്രീ കേരള’, നിരാമയ ഇന്‍ഷുറന്‍സ് , അട്ടപ്പാടിയിലെ മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ജനി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതിവകുപ്പ് നടപ്പാക്കിവരുന്നത്.

1979 മുതല്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍. നിലവില്‍ പതിനാറോളം ക്ഷേമ പദ്ധതിയാണ് കോര്‍പറേഷന്‍ നടത്തിവരുന്നത്. ആയിരത്തഞ്ഞൂറോളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്രാപദ്ധതി, ഗുരുതരഭിന്നശേഷിക്കാരായ 12 വയസ്സുവരെയുള്ള കുട്ടികളുടെ പേരില്‍ 20000 രൂപ സ്ഥിരനിക്ഷേപം നടത്തുന്ന ‘ഹസ്തദാനം’ പദ്ധതി, 100 പേര്‍ക്ക് ലാപ്ടോപ് വിതരണംചെയ്ത കാഴ്ച പദ്ധതി എന്നിവ കോര്‍പറേഷന്റെ പ്രധാന പദ്ധതികളാണ്. കൂടാതെ, ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ഥ സേവനങ്ങള്‍ നല്‍കുന്ന ആശ്വാസം പദ്ധതി, എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയവര്‍ക്കുള്ള പ്രൊഫിഷ്യന്‍സി അവാര്‍ഡ്, ലോട്ടറി ധനസഹായം തുടങ്ങിയവയുമുണ്ട്.

ഒറ്റത്തവണ തീര്‍പ്പാക്കലിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.84 കോടിരൂപ ഉപയോഗിച്ച് ആശ്വാസം പദ്ധതി നടപ്പാക്കുകയും മരണമടഞ്ഞ 35 പേരുടെ സ്വയം തൊഴില്‍വായ്പാ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക്സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ഭിന്നശേഷിക്കാരുടെ സംരംഭകത്വവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന എന്‍എച്ച്എഫ്ഡിസി സ്വയംതൊഴില്‍ വായ്പാപദ്ധതിയില്‍ ഇക്കാലയളവില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്തുള്ള മികവിനാണ് വികലാംഗക്ഷേമ കോര്‍പറേഷന് 2018ല്‍ ദേശീയ പുരസ്കാരം ലഭിച്ചത്.

‘അനുയാത്ര’

അംഗപരിമിത മേഖലയില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ അംഗപരിമിത സൗഹൃദമാക്കുന്നതിനുംവേണ്ടി അനുയാത്ര എന്ന പേരിലുള്ള ഒരു സമഗ്രപരിപാടി കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരികയാണ്. അംഗപരിമിത മേഖലയില്‍ നടപ്പാക്കേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍മുതല്‍ പുനരധിവാസംവരെയുള്ള സമഗ്ര ജീവിതചക്ര സമീപനമാണ് ‘അനുയാത്ര’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ളത്. അംഗപരിമിത മേഖലയിലെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും 2016ലെ അംഗപരിമിതരുടെ അവകാശ നിയമത്തിനനുസൃതമായുമാണ് അനുയാത്ര പദ്ധതികള്‍ ആസൂത്രണംചെയ്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.

അനുയാത്രയുടെ ഭാഗമായി അംഗപരിമിതികള്‍ പ്രാരംഭദശയില്‍ത്തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ജില്ലാ, റീജ്യണല്‍ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍, മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍, കേള്‍വി വൈകല്യം എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്ന കാതോരം, പ്രത്യേക മേഖലകളില്‍ സ്ഥിരം ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍, ഹെല്‍പ്പ് ഡെസ്ക്, സ്പെഷ്യല്‍ അങ്കണവാടികള്‍, മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, അംഗപരിമിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ്, വിവര വിദ്യാഭ്യാസ വ്യാപന പ്രവര്‍ത്തനങ്ങള്‍, പരിക്കുകള്‍മൂലം ഉണ്ടാകുന്ന അംഗപരിമിതികള്‍ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് യൂണിറ്റ്, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി, ശ്രുതിതരംഗം, സ്പെക്ട്രം പദ്ധതി എന്നിവ നടപ്പാക്കിവരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ആവിഷ്കരിച്ച്നടപ്പാക്കിവരുന്ന സമഗ്രപദ്ധതിയാണ് ‘സ്പെക്ട്രം’. ഏഴ് വ്യത്യസ്ത പദ്ധതിയാണ് സ്പെക്ട്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാജിക്ക് അക്കാദമിയുടെ സഹകരണത്തോടെ ഓട്ടിസം ബാധിച്ച കുട്ടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 23 പേരെ ഉള്‍പ്പെടുത്തി ഗോപിനാഥ് മുതുകാട് പരിശീലിപ്പിച്ചെടുത്ത ‘എം പവര്‍’ എന്ന മാജിക് ടീം ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന ഒന്നാണ്. അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ എം പവര്‍ ടീം വിദേശരാജ്യങ്ങളിലും മാജിക് പ്രകടനം നടത്തിവരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ‘ഡിഫറന്റ് ആര്‍ട്ട് സെന്റര്‍’ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. സര്‍ഗാത്മകതയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ വിവിധകലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ബൃഹത് പദ്ധതിയാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍.

മാനസികരോഗം ബാധിച്ചവരുടെ പുനരധിവാസപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഫാമിലി ഷോര്‍ട്ട്സ്റ്റേ ഹോം, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍, വെള്ളപ്പൊക്ക ദുരിതബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി, സ്പോണ്‍ഡിലൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് തുടങ്ങിയവമൂലം ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി തുടങ്ങിയവ 2019-20 വര്‍ഷത്തില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ വഴി നടപ്പാക്കുന്നതാണ്.

ഇങ്ങനെ ഭിന്നശേഷിക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികളാണ് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിലെത്താന്‍ നമുക്ക്  ഒരുമിച്ച്പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News