സവാളവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ദിവസങ്ങള്‍ക്കുള്ളില്‍ സവാള വില 100, 120 നിരക്കിലായി. വരും മാസങ്ങളിയും ഉയര്‍ന്നവില തുടരാനാണ് സാധ്യത. വില എപ്പോള്‍ കുറയുമെന്ന് പ്രവചിക്കാന്‍ താന്‍ ജ്യോത്സ്യനല്ല എന്നാണ് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പസ്വാന്റെ പ്രതികരണം.

വില വര്‍ധിച്ചതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സവാളയുടെ പേരില്‍ അക്രമവും റെയ്ഡും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 20 ലക്ഷം രൂപയുടെ സവാളയുമായി നാസിക്കില്‍നിന്ന് ഗൊരഖ്പുരിലേക്ക് പോയ ലോറി തട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്ര, കര്‍ണാടകം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 2018 ഖാരിഫ് സീസണില്‍ 30 ലക്ഷം ടണ്ണായിരുന്നു സവാള ഉല്‍പ്പാദനമെങ്കില്‍ 2019 സീസണില്‍ അത് 20 ലക്ഷം ടണ്ണായി ഇടിഞ്ഞു.

സെപ്തംബറില്‍ സവാളവില കുതിച്ചുയരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്, സവാളയുടെ കയറ്റുമതി നിരോധിച്ചും കച്ചവടക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്റ്റോക്കിന് പരിധിവച്ചും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചില്ലറവ്യാപാരികള്‍ക്ക് 100 ക്വിന്റലും മൊത്തവ്യാപാരികള്‍ക്ക് 500 ക്വിന്റലും ഉള്ളി സൂക്ഷിക്കാമെന്നായിരുന്നു നിര്‍ദേശം. ഇത് പൂഴ്ത്തിവയ്പിന് കാരണമായെന്നും ആക്ഷേപമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ (എംഎംടിസി) മുഖേന തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. നേരത്തെ, ഈജിപ്തില്‍നിന്ന് 6090 ടണ്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. വിവിധ രാജ്യങ്ങളില്‍നിന്നായി 1.2 ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇത് പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല.