മഹാരാഷ്ട്രയില്‍ ബിജെപി പിളര്‍പ്പിലേക്ക്?

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബിജെപി നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന പങ്കജ മുണ്ടെ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെയായി പങ്കജ മുണ്ടെ ശിവസേനയോട് കാണിച്ചു കൊണ്ടിരിക്കുന്ന ആഭിമുഖ്യവും ട്വിറ്റെര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ ബയോയില്‍ നിന്നും ‘ബിജെപി’ വിശേഷണം നീക്കം ചെയ്തതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കയാണ്.

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെക്ക് 12 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിരിക്കുന്നത് ബി ജെ പി നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തി മഹാരാഷ്ട്രയില്‍ അരങ്ങേറിയ പാതിരാ നാടകവും സത്യപ്രതിജ്ഞയും അണികളെ അകറ്റാന്‍ കാരണമായെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനായി അനുവദിച്ചിരുന്ന 40000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്ര സര്‍ക്കാരിന് നല്‍കുവാന്‍ വേണ്ടിയായിരുന്നു നാല് ദിവസം ഫഡ്‌നാവിസി മുഖ്യമന്ത്രി പദത്തില്‍ ഇരുന്നതെന്ന ആരോപണവുമായി കര്‍ണാടകത്തിലെ ബി ജെ പി നേതാവ് എം പി അനന്ത്കുമാറും രംഗത്തു വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കയാണ്.

സംസ്ഥാനത്തെ പല മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ജനങ്ങളോട് ചെയ്ത കൊടും ചതിയാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് കോണ്‍ഗ്രസ്സും പ്രധാന മന്ത്രി രാജി വച്ചൊഴിയണമെന്ന് എന്‍ സി പിയും ആവശ്യപ്പെട്ടിരിക്കയാണ്.

മഹാരാഷ്ട്രയിലെ വികാസ് അഘാഡി സര്‍ക്കാരിന് താമസിയാതെ 185 പേരുടെ പിന്തുണ ലഭിക്കുന്ന ശിവസേനയുടെ പുതിയ അവകാശവാദം പങ്കജ മുണ്ടെയുടെ വിമത നീക്കവുമായി കൂട്ടി വായിക്കാവുന്നതാണ്. ത്രികക്ഷി സഖ്യം 169 പേരുടെ പിന്തുണയോടെയാണ് വിശ്വാസ വോട്ടു നേടി അധികാരത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News