കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിനില്ല; പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

എട്ടുവര്‍ഷമായി കേരളം കാത്തിരിക്കുന്ന കണ്ണൂര്‍ അഴീക്കല്‍ ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കാത്തതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ്നായിക് രാജ്യസഭയില്‍ സിപിഐ എം ഉപനേതാവ് എളമരം കരീമിനെ അറിയിച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് സ്ഥലം കൈമാറി പ്രാരംഭ നടപടിയെടുത്തത്. പദ്ധതിപ്രദേശം സിആര്‍ഇസഡ്  1എ മേഖല ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദനീയമല്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ വിശദീകരണം.

അക്കാദമി കര്‍ണാടകത്തിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉപേക്ഷിച്ചെന്ന സ്ഥിരീകരണം. കര്‍ണാടക സര്‍ക്കാര്‍ മംഗലാപുരത്തിനു സമീപം ബൈക്കംപാടിയില്‍ 160 ഏക്കര്‍ ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും കോസ്റ്റ് ഗാര്‍ഡ് ഡയറക്ടറും പ്രദേശം സന്ദര്‍ശിച്ചു. പദ്ധതി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരള തീരദേശപരിപാലന അതോറിറ്റി 2015ല്‍ പദ്ധതിക്ക് അനുമതി നല്‍കിയതും കത്തില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കേന്ദ്രം അനുകൂല നിലപാടെടുത്തില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം വ്യവസായമന്ത്രിയായിരിക്കെയാണ് കിന്‍ഫ്രയുടെ 167 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. 2009ല്‍ പദ്ധതിക്ക് കേന്ദ്രാംഗീകാരം ലഭിച്ചു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലിട്ടു. എ കെ ആന്റണി പ്രതിരോധമന്ത്രിയായി 2014 വരെയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി 2016 വരെയും തുടര്‍ന്നിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ട് പോയില്ല.

2014ല്‍ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാരും താല്‍പ്പര്യമെടുത്തില്ല. കേരളത്തോടുള്ള മോഡി സര്‍ക്കാരിന്റെ അവഗണനയ്ക്ക് മറ്റൊരു ഉദാഹരണമാണിതെന്ന് എളമരം കരീം പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി തീരദേശത്തല്ലാതെ സ്ഥാപിക്കാനാകില്ല. പദ്ധതി മറ്റെങ്ങോട്ടോ മാറ്റാനുള്ള നീക്കമാണെന്നും എളമരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here