വിവാഹത്തിന്റെ തലേദിവസം വരന്റെ ആദ്യഭാര്യ വധുവിന്റെ ഫോണിലേക്ക് ചിത്രങ്ങളും വിവാഹ സര്‍ട്ടിഫിക്കറ്റും അയച്ചുനല്‍കിയതോടെ കല്യാണം മുടങ്ങി. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വരന്‍ നാട്ടില്‍ നിന്ന് മുങ്ങി. വഞ്ചിമല കൂനാനിക്കല്‍ താഴെ സനിലിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

വിവാഹത്തലേന്നാണ് യുവതിയുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശമെത്തിയത്. എലിക്കുളത്ത് വെച്ചായിരുന്നു സനിലിന്റെയും യുവതിയുടെയും വിവാഹം. സനിലും മലപ്പുറം സ്വദേശിനിയും വിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ചിത്രവുമാണ് യുവതിക്ക് ലഭിച്ചത്.

നേരത്തേ തന്നെ ഇക്കാര്യം മലപ്പുറം സ്വദേശിനിയുടെ ബന്ധു ഫോണ്‍ വഴി അറിയിച്ചെങ്കിലും വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന സനിലിന്റെ മുന്നറിയിപ്പുള്ളതിനാല്‍ അവഗണിക്കുകയായിരുന്നു. ചിത്രവും സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും സനില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയും ചെയ്തു.

മലപ്പുറത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായ സനില്‍ ഇതേ സ്‌കൂളിലെ അധ്യാപികയായ യുവതിയുമായി 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്ന് ഇതിനു ശേഷമാണു വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. വിവരം അറിഞ്ഞു ബോധരഹിതനായ സനിലിന്റെ സഹോദരനെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.