ജസ്റ്റിസ് ലോയയുടെ മരണം; പുനഃരന്വേഷണത്തിന് തയ്യാറാണെന്ന് ശരത് പവാര്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രമുഖ മറാത്തി വാര്‍ത്താ ചാനലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത മാറ്റാനുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. വിവിധ മാധ്യമങ്ങളിലൂടെ വിഷയം വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്, ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോയയുടെ മരണം സംബന്ധിച്ച ദുരൂഹത മാറാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര ജനത ആഗ്രഹിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നത്. പക്ഷെ എന്താണ് സത്യം എന്ന് പരിശോധിക്കണം. ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം. ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ പറഞ്ഞു.

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്.

ലോയയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു. ത്രികക്ഷി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി ശരദ് പവാര്‍ തന്നെ രംഗത്തെത്തിയത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

2014ലെ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത് 2017ലാണ്. സൊറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News