കോഴിക്കോട് ജില്ലാ ജയിലിൽ പ്രതികൾ ജയിൽ വാർഡന്മാരെ ആക്രമിച്ചു; 6 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർക്ക് പരിക്ക്

കോഴിക്കോട് ജില്ലാ ജയിലിൽ, പ്രതികൾ ജയിൽ വാർഡന്മാരെ ആക്രമിച്ചു, 6 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർക്ക് പരിക്ക്. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമീം എന്നിവരാണ് ആക്രമിച്ചത്.

ഭക്ഷണം കഴിക്കാനായി പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്താണ് റിമാന്റിൽ കഴിയുന്ന അമ്പായത്തോട് അഷ്റഫ്, ഷമീം എന്നിവർ കോഴിക്കോട് ജില്ലാ ജയിലിലെ വാർഡന്മാരെ അക്രമിച്ചത്. മോഷണം, പിടിച്ചുപറി കേസിൽ റിമാന്റിലാണ് ഇരുവരും. കോടതിയിൽ ഹാജരാക്കുന്നില്ല എന്ന് പറഞ്ഞ് ഷമീമാണ് അക്രമം തുടങ്ങിയത്.

അഷ്റഫ് ഷമീമിനൊപ്പം ചേർന്നതോടെ രംഗം കൂടുതൽ വഷളായി. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ എടുത്തെറിഞ്ഞും, ഗ്ലാസുകൾ തല്ലിപ്പൊട്ടിച്ചും രണ്ടും പേരും ജയിലിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ആണി ഉപയോഗിച്ചുള്ള അക്രമത്തിലാണ് വാർഡന്മാർക്ക് പരിക്കേറ്റത്. അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ അബ്ദുള്ള നിഷാദ്, ഇർഷാദ്, ജർമ്മിയാസ്, സതീഷ്, പ്രസാദ്, ഷിബിൻ ലാൽ എന്നിവർക്ക് പരിക്കേറ്റു. കൂടുതൽ വാർഡന്മാർ എത്തിയാണ് രണ്ട് പേരേയും കീഴ്പ്പെടുത്തിയത്. പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.

സ്ഥിരമായി മയക്ക് മരുന്ന് ഉപയോഗിക്കൂന്നവരാണ് പ്രതികൾ. ഇത് ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തിൽ കോഴിക്കോട് കസബ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമ്പായത്തോട് അഷ്റഫ് മോഷണ ശ്രമത്തിനിടെ 8 മണിക്കൂറിനകം വീണ്ടും പിടിയിലാവുകയായിരുന്നു.

സ്ഥിരം കുറ്റവാളിയായ ഇയാൾ പോലീസ് കസ്റ്റഡിയിൽ എടുത്ത ഘട്ടത്തിൽ തലതല്ലിപ്പൊട്ടിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. അക്രമികളായ പ്രതികളെ വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജയിൽ ഡി ജി പിക്ക് ജില്ലാ ജയിൽ സുപ്രണ്ട് കത്ത് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News