അക്ഷര നഗരിക്ക് ബാധ്യതയായി കോട്ടയത്തെ ആകാശപ്പാത. പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി നിയമനടപടികൾക്കൊരുങ്ങി ഡിവൈഎഫ്ഐ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

2016ൽ തറക്കല്ലിട്ടപ്പോൾ ഇത് ആകാശപ്പാതയാണെന്നാണ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തുന്ന നിർമ്മാണം അശാസ്ത്രീയമാണെന്ന വാദമുയർന്നപ്പോൾ ഇത് ഗാന്ധി സ്മൃതി മണ്ഡപമാണെന്ന് എംഎൽഎ തിരുത്തി.

ആകാശപ്പാതയുടെ തൂണുകൾ നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടിക്കടി രൂപ മാറ്റം വരുത്തൽ നഗരത്തിലെ കാൽനട ഗതാഗതം പോലും സങ്കീർണ്ണമാക്കി. 5.74 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിലൂടെ കണ്ണോടിച്ചാൽ എവിടെയും ഏച്ചുകെട്ടലുകൾ കാണാം. പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തി.

കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല കോട്ടയത്തെ ഗതാഗതപ്രശ്‌നങ്ങള്‍. ദീര്‍ഘ വീക്ഷണമില്ലാത്ത ഭരണാധികാരികള്‍ കാലങ്ങളായി നടത്തിവരുന്ന അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ക്ക് ഉദാഹരണമായി കോട്ടയത്തെ ആകാശപാത മാറി കഴിഞ്ഞു.