കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയ പൊടി, സയനൈഡാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. രണ്ടാം പ്രതിയായ എം എസ് മാത്യു രണ്ടാമത് സംഘടിപ്പിച്ച് നല്‍കിയ സയനൈഡിന്റെ ബാക്കിയാണിതെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. അതേസമയം ജോളിയുടെ സാമ്പത്തിക -ഭൂമി ഇടപാടിൽ ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പോലീസ് ചോദ്യം ചെയ്തു.
ഒക്ടോബര്‍ 14 ന് രാത്രി പൊന്നാമറ്റം വീട്ടില്‍ നിന്നും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയ വെളുത്ത പൊടി സോഡിയം സയനൈഡാണെന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബ് പോലീസിന് നൽകിയത്. റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, ആല്‍ഫയിന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് രണ്ടാം പ്രതി എം എസ് മാത്യു വഴി ടോം തോമസിന്റെ കൊലപാതകത്തിന് ശേഷം ജോളി സംഘടിപ്പിച്ച സയനൈഡാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതിന്റെ ബാക്കിയുണ്ടായിരുന്ന സയനൈഡ് വീട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്നതായി ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ജോളിയുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയ പൊടിയാണ് സയനൈഡാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചത്. ഇത് ജോളിക്കെതിരായ നിര്‍ണായക തെളിവായി കോടതിക്ക് മുന്നില്‍ വിചാരണ വേളയില്‍ മാറുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുന്ന സോഡിയം സയനൈഡാണ് അന്നമ്മയുടേത് ഒഴികെയുള്ള കൊലപാതകങ്ങള്‍ക്ക് ജോളി ഉപയോഗിച്ചതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഡോഗ് കിൽ എന്ന രാസവസ്തു ഉപയോഗിച്ചാണ് അന്നമ്മയെ കൊലപ്പെടുത്തിയത്.
അതേസമയം കുടത്തായ് കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. ജോളി നടത്തിയ കൊലപാതക വിവരം അറിഞ്ഞിട്ടും ടോം തോമസിന്റെ ബന്ധുക്കൾ മറച്ചു വെച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണിത്. ജോളിയുടെ സാമ്പത്തിക – ഭൂമി ഇടപാടിൽ ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ ഇന്ന് പോലീസ് ചോദ്യം ചെയ്തു.
Get real time update about this post categories directly on your device, subscribe now.