ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് രണ്ടാംമാസവും ശമ്പളമില്ല ; വിആര്‍എസിന് 78,929 പേര്‍

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി രണ്ടാംമാസവും ശമ്പളമില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കാറ്. ഫണ്ടില്ലെന്ന് പറഞ്ഞാണ് വേതന നിഷേധം. കേന്ദ്രസര്‍ക്കാര്‍ അയ്യായിരം കോടി രൂപ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്. ആശങ്ക സൃഷ്ടിച്ച് കൂടുതല്‍ ജീവനക്കാരെ വിആര്‍എസിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമാണ് പിന്നിലെന്ന് ആരോപണമുയര്‍ന്നു. സംസ്ഥാനത്ത് ആഗസ്തിലെ ശമ്പളവും വൈകിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സെപ്തംബര്‍ 17 ന് നല്‍കി. കരാര്‍ ജീവനക്കാര്‍ക്ക് പത്തുമാസമായി ശമ്പളമില്ല. ബിഎസ്എന്‍എല്‍ 14,000 കോടി നഷ്ടത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതിനിടയിലാണ് ശമ്പളം മുടങ്ങുന്നത്. ശമ്പളം ഉടന്‍ വിതരണംചെയ്യണമെന്ന് ബിഎസ്എന്‍എല്‍ ഇയു സംസ്ഥാന സെക്രട്ടറി സി സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതിക്ക്(വിആര്‍എസ്) ഒരുമാസത്തിനകം അപേക്ഷിച്ചത് 78,569 ജീവനക്കാര്‍. ചൊവ്വാഴ്ച വൈകിട്ട് 5.30വരെയാണ് വിആര്‍എസിന് അപേക്ഷിക്കാന്‍ സമയം നല്‍കിയിരുന്നത്. നവംബര്‍ നാലിന് ആരംഭിച്ച പദ്ധതിയില്‍ 75.6 ശതമാനം ജീവനക്കാര്‍ അപേക്ഷിച്ചു. കേരളത്തിലാകെയുള്ള 9545 ജീവനക്കാരില്‍ 6671 പേര്‍ വിആര്‍എസ് പരിധിയിലുള്ളവരാണ്. ഇതില്‍ 4596 പേരാണ് അപേക്ഷ നല്‍കിയത്. ജനുവരി 31ന് വിആര്‍എസ് പ്രാബല്യത്തില്‍ വരും.

ഇതോടെ മുപ്പതിനായിരത്തോളം എക്സ്ചേഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാരില്ലാതാകും. കേരളത്തിലെ പതിനായിരക്കണക്കിന് ബ്രോഡ് ബാന്‍ഡ് ഉള്‍പ്പെടെ ലാന്‍ഡ് ലൈനുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. 4ജി സേവനം എപ്പോള്‍ ലഭ്യമാക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും കേന്ദ്ര സര്‍ക്കാരോ മാനേജ്‌മെന്റോ നല്‍കിയിട്ടില്ല. ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിനെ കൈയൊഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here