പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചു, ഏഴ് വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റം

തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര കാര്‍ പോണ്ടിച്ചേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ഗുരുതര കുറ്റം ചെയ്തതായി ക്രൈംബ്രാഞ്ച്.

ഇതുസംബന്ധിച്ച കുറ്റപത്രം അടുത്ത ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കും. വഞ്ചന, മോട്ടോര്‍ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി വ്യക്തമായ തെളിവുള്ളതായും ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഔഡി കാറാണ് സുരേഷ് ഗോപി വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. 3.6 ലക്ഷം, 16 ലക്ഷം എന്നിങ്ങനെയാണ് രണ്ട് കാറുകള്‍ക്കായി നികുതി വെട്ടിച്ചത്. പോണ്ടിച്ചേരി എല്ലേപിള്ളൈ ചാവടിയിലുള്ള കാര്‍ത്തിക അപ്പാര്‍ട്ട്മെന്റിന്റെ വിലാസത്തിലായിരുന്നു രജിസ്ട്രേഷന്‍. ഇതിനായി താല്‍ക്കാലിക താമസക്കാരനാണ് താനെന്നുകാണിച്ച് എല്‍ഐസി പോളിസി നേടി.

തുടര്‍ന്ന്, നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിച്ച് വ്യാജ സീലും പതിച്ചു. ഈ രേഖ ഉപയോഗിച്ചാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. കെട്ടിട ഉടമയെക്കൊണ്ട് അനൂകൂല മൊഴി കൊടുപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാനോട് സത്യം പറയുകയായിരുന്നു.

സുരേഷ് ഗോപിയുടെ കാറുകള്‍ കേരളത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, നികുതിവെട്ടിപ്പ് പുറത്തായതോടെ ഒരു കാര്‍ ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളൂരുവിലേക്കും മാറ്റി. നിലവില്‍ ഈ കാറുകള്‍ എറണാകുളത്ത് വര്‍ക്ക് ഷോപ്പിലാണ്. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 18ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.

സുരേഷ് ഗോപിക്ക് പുറമെ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഫഹദ് പിഴ അടച്ച് കേസ് ഒത്തുതീര്‍പ്പാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here