മന്ത്രി കെ കെ ശൈലജയ്ക്ക് അയര്‍ലണ്ടില്‍ ആദരം

ഡബ്ലിന്‍: കേരളാ ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ഒരുക്കിയ അനുമോദന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍ നിന്നെത്തിയ അനേകം പേര്‍ പങ്കെടുത്തു. ക്രാന്തിയുടെ പുരസ്‌കാരം മന്ത്രിയ്ക്ക് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നേഹ ഫില്‍ നേഹ സമ്മാനിച്ചു.

അയര്‍ലണ്ടിന്റെ ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ നഴ്സ് മാര്‍ക്ക് ജോലി സാധ്യത, ആരോഗ്യ റിസര്‍ച് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാനുള്ള നീക്കങ്ങള്‍ എന്നിവ പ്രധാന വിഷയമായെന്നും ഇന്ത്യയില്‍ നിന്ന് ആയര്‍ലഡിലെത്തുന്നു ജനറല്‍ നഴ്സുമാരുടെ ജീവിത പങ്കാളികള്‍ക്കും എളുപ്പത്തില്‍ ജോലി നേടാനുള്ള വിസാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐറിഷ് ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. അയര്‍ലണ്ടിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ആയുഷ് യോഗയുടെ ചെയര്‍ നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് ജൂനിയര്‍ മിനിസ്റ്റര്‍ ജിം ഡെലിയുമായി ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറിനോടൊപ്പം മന്ത്രി കൂടികാഴ്ച നടത്തിയിരുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഫാക്കല്‍റ്റിയുമായും ആയുഷ് പ്രവര്‍ത്തങ്ങള്‍ അയര്‍ലണ്ടിലേക്ക് വ്യാപിപ്പിക്കാന്‍ ഈ മേഖലയിലെ പ്രഗല്‍ഭരുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നും സന്ദീപ് കുമാര്‍ അറിയിച്ചു.

കേരളാ നഴ്സുമാരുടെ സംഘടനാ ബലം ഐഎന്‍എംഒയുടെ ശ്രദ്ധയില്‍ പെട്ടിരുന്നെന്നും അവരുടെ സമരമുറകള്‍ അയര്‍ലണ്ടിലെ ഐ എന്‍ എം ഒ നേതൃത്വം നല്‍കിയ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിന് വഴികാട്ടിയായിരുന്നെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നേഹ എടുത്തുപറഞ്ഞു. ഫെബ്രുവരിയിലെ എക്‌സികൂട്ടിവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുക്കണമെന്നും ഫില്‍ ആവശ്യപെട്ടു.

ചടങ്ങില്‍ ക്രാന്തിയുടെ പ്രസിഡന്റ് ഷിനിത് എ കെ സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗവും ക്രാന്തി സെക്രട്ടറിയുമായ അഭിലാഷ് തോമസ് പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്രാന്തി തയാറാക്കിയ ഷോര്‍ട്ട് ഫിലിം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ക്രാന്തിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വര്‍ഗ്ഗീസ് ജോയിയാണ് ഈ ഫിലിമിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.

പ്രഗത്ഭരായ മലയാളികളെ ചടങ്ങില്‍ ക്രാന്തി അനുമോദിച്ചു .ഡോ: സുരേഷ് സി പിള്ള, ഡോ ഷേര്‍ലി ജോര്‍ജ്, ഡോ: സുജ സോമനാഥന്‍, മോട്ടോ വര്‍ഗീസ്, ബിനില കുര്യന്‍, ബിനിമോള്‍ സന്തോഷ്, മിനി മോബി, മനു മാത്യു, വിജയാനന്ദ് ശിവാനന്ദന്‍ എന്നിവര്‍ക്ക് പ്രശസ്ത കലാകാരന്‍ അജിത് കേശവന്‍ രൂപകല്‍പന ചെയ്ത മെമെന്റോകള്‍ മന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് നന്ദി പറഞ്ഞു.ഡബ്ലിനിലെ റെഡ് കൗ മോറന്‍ ഹോട്ടലിലായിരുന്നു ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News