മലയാളസിനിമയിലേക്ക് ഫോട്ടോഗ്രാഫറെന്ന ചിത്രത്തിലൂടെ ചെല്ലം ചാടിവന്ന മണി പറയുകയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. മലയാള സിനിമയുടെ പുറത്ത് ആ പുരസ്കാരവുമായി മണി കാത്തുനിന്നു. ചിലര്‍ വിളിച്ചുകൊണ്ടുപോയി ചില ചെറു ചിത്രങ്ങളിലെല്ലാം അഭിനയിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന ഷൂട്ടിനുശേഷം ചിലര്‍ പ്രതിഫലം നല്‍കാതെ തിരിച്ചുവിട്ടു.
ബസ്സിന് കാശില്ലാതെ മണി നിന്നിട്ടുണ്ട് അങ്ങനൊരിക്കല്‍. പിന്നീട് മണിയെന്ന ആദിവാസി ബാലന്‍ സിനിമയെയോ സിനിമ മണിയേയോ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഭാര്യയും കുട്ടികളുമുള്ള കുടംബത്തിന്റെ ഉത്തരവാദിത്വമുണ്ട് മണിയില്‍.
കര്‍ണ്ണാടകയില്‍ ഇഞ്ചിപ്പണിക്ക് പോകുന്നവരുടെ കൂട്ടത്തില്‍ മണിയും കൂടി. മാസങ്ങള്‍ക്ക് ശേഷമേ വരാനാവൂ. സിനിമയെന്ന മോഹം ഇക്കാലത്ത് വിവിധ നടന്മാരുടേയും സിനിമകളുടേയും ചിത്രങ്ങള്‍ വെട്ടി ചുമരില്‍ ഒട്ടിക്കുന്നതില്‍ ഒതുങ്ങി. വയനാട്ടിലെ ആദിവാസിജീവിങ്ങളിലൊന്നായി സ്വപ്നങ്ങളെ മറന്ന് മണി ജീവിച്ചു.
ഇപ്പോള്‍ മണി ഒരുപാട് പ്രതീക്ഷകളിലാണ്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന സിനിമയില്‍ നായകനായെത്തുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം.
ബത്തേരി ചെതലയത്തെ ആദിവാസികോളനിയില്‍ കുടകില്‍ നിന്ന് മണിയെത്തുന്ന ദിവസങ്ങളിലൊന്നില്‍ നേരിട്ടുചെന്നാണ് മണിയെ ഉണ്ണികൃഷ്ണന്‍ സിനിമയിലേക്ക് ക്ഷണിച്ചത്.പറ്റിക്കപ്പെട്ട മുന്‍ അനുഭവങ്ങളുള്ളതിനാല്‍ മണിക്ക് ആദ്യമൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.
പിന്നെ ക്യാംപും ചിത്രീകരണവുമെല്ലാം പെട്ടെന്ന് നടന്നു. ഡിസംബര്‍ ആറിന് പുറത്തിറങ്ങുകയാണ് ഡോക്ടേഴ്‌സ് ഡിലെമ നിര്‍മ്മിക്കുന്ന ഉടലാഴം. അനുമോള്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു തുടങ്ങി ഒട്ടേറെപ്പേരുണ്ട് ചിത്രത്തില്‍. രാജ്യാന്തര മേളകളിലടക്കം ശ്രദ്ധേയ സാന്നിദ്ധ്യമായ ചിത്രം കൈകാര്യം ചെയ്യുന്നത് സമകാലിക പ്രസക്തിയുള്ള വിഷയവുമാണ്.
ഉടലാഴത്തിന്റെ ചെറിയ തിരക്കുകളിലാണ് മണിയിപ്പോള്‍. വലിയ സ്‌ക്രീനില്‍ വീണ്ടും വന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമുണ്ട്. എങ്കിലും ഇനിയും അവസരങ്ങള്‍ ലഭിക്കണം. മൂന്ന് കുട്ടികളും ഭാര്യയും മണിയെ മാത്രം ആശ്രയിച്ചുകഴിയുന്നവരാണ്. കുടകിലേക്ക് വീണ്ടും പോകാന്‍ മടിയില്ല മണിക്ക്. പക്ഷേ ഇനിയെങ്കിലും തന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാനാണ് മണി ആഗ്രഹിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.