തമിഴ്‌നാട്ടില്‍ വനിതകളുടെ ലോങ്മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം യു വാസുകി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്

സ്ത്രീകള്‍ക്കെതിരെ പെരുകിവരുന്ന അതിക്രമം തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ ക്രൂരമായ പോലീസ് അതിക്രമം. മാര്‍ച്ച് ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് അതിക്രമം.

സംസ്ഥാനത്തെ മദ്യനയം തിരുത്തുക, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ നവംബര്‍ 24 നാണ് മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ രണ്ട് ജാഥകള്‍ ആരംഭിച്ചത്.

മാര്‍ച്ചിന് നേരെ ഇന്ന് രാവിലെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. രണ്ട് ജാഥകളും ഇന്നലെ വെസ്റ്റ് താംബരത്തില്‍ സംഗമിച്ചിരുന്നു.

ഇന്ന് വെസ്റ്റ് താംബരത്തില്‍ നിന്നും മറീനാ ബീച്ചിന് സമീപത്തെ നിയമസഭയിലേക്ക് ആരംഭിച്ച സംയുക്ത ജാഥയ്ക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്.

സമാധാനപരമായ നീങ്ങിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുഗന്ധി, സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം യു.വാസുകി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേല്‍ക്കുകയുണ്ടായി.

കഴിഞ്ഞ പത്ത് ദിവസമായി നടന്നുകൊണ്ടിരുന്ന മാര്‍ച്ച് ഇന്ന് നിയമസഭയിലെത്താനിരിക്കെയാണ് തമിഴ്‌നാട്ടിലെ ഐതിഹാസികമായ ഈ സ്ത്രീ മുന്നേറ്റത്തിന് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയിരിക്കുന്നത്.

രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ന്യായമായ മുദ്രാവാക്യങ്ങളുയത്തിയുള്ള മഹിളകളുടെ മാര്‍ച്ചിനെ ക്രൂരമായി നേരിടുകവഴി അക്രമികള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here