കശ്‌മീരിൽ മഞ്ഞുമല ഇടിഞ്ഞ്‌ മലയാളി അടക്കം നാല്‌ സൈനികർ മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ് എസ് ആണ് മരിച്ചത്.

സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കുപ്‌വാര ജില്ലയിലെ തങ്ധര്‍ പ്രദേശത്തും ബന്ദിപ്പോര ജില്ലയിലെ ഗുറേസ് സെക്ടറിലുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

തങ്ധറില്‍ നാലു സൈനികരാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് കണ്ടെടുത്തത്.

ഗുറേസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ രണ്ടാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി.

ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഉണ്ടായ അപകടങ്ങളില്‍ ആറ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

നവംബര്‍ 18ന് സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നാല് സൈനികര്‍ മരിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ പട്രോളിങ് നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും മഞ്ഞുമല ഇടിഞ്ഞുവീണുള്ള അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News