ബംഗളൂരു : ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ നിന്നുള്ള അറിവും അനുഭവസമ്പത്തും ലഭ്യമാക്കുന്നതിനായി ഇന്ത്യയിലും യുഎഇയിലും പ്രവർത്തന പരിചയമുള്ള വിപിഎസ് ഹെൽത്ത് കെയറുമായി കൈകോർത്ത് ദുബായ് ഹെൽത്ത് അതോറിറ്റി.

ദുബായിലെ ആരോഗ്യമേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതമി നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇരു സ്ഥാപനങ്ങളും സഹകരണത്തിനായി ധാരണയിൽ എത്തിയത്.

ദുബായ് ഹെൽത്ത് അതോറിറ്റി ചെയർമാൻ ഹുമൈദ് അൽ ഖുതമിയും വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും ബംഗളൂരുവിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിദഗ്ദ പരിചരണം ആവശ്യമായി വരുന്ന നിരവധി മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിച്ചു പ്രവർത്തിക്കും.

ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അറിവ് പങ്കിടുന്നതിലൂടെ യുഎഇയിലെ പൗരന്മാർക്കും സന്ദർശകർക്കും ആഗോള നിലവാരമുള്ള മെഡിക്കൽ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതമി പറഞ്ഞു.

യുഎഇയുമായി ദീർഘകാല ബന്ധം പുലർത്തുന്ന വിപിഎസ് ഹെൽത്ത്‌കെയറിന് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ഇന്ത്യയിൽ സഹകരിച്ചു പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ കൂട്ടിച്ചേർത്തു.

ദുബായ് ഹെൽത്ത് അതോറിറ്റി പ്രതിനിധി സംഘം എറണാകുളത്തെ വിപിഎസ്- ലേക്ക്ഷോർ ആശുപത്രി സന്ദർശിച്ചശേഷമാണ് കരാറിൽ ഒപ്പുവച്ചത്.

ആരോഗ്യ രംഗത്തെ സഹകരണം ശക്തമാക്കാനുള്ള കരാറിൽ ഒപ്പുവച്ച ശേഷം ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതമിയും വിപിഎസ് ഹെൽത്ത്‌ കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലും.