ജിഎസ്ടി നഷ്ടപരിഹാരം:കേന്ദ്ര സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയൂ സര്‍

ജിഎസ്ടിയെക്കുറിച്ച് സിപിഐഎമ്മിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിങ്ങനെയാണ്….
ജിഎസ്ടി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. അത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.

ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘ഒരു രാജ്യം- ഒരു നികുതി’ പദ്ധതി ഇതായിരുന്നു സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാട്. സിപിഐഎമ്മിന്റെ നിലപാട് ശരിയായിരുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ജിഎസ്ടി ഭവിഷ്യത്തുകള്‍ ഇപ്പോള്‍ കേരളവും അനുഭവിച്ചു തുടങ്ങി. കാരണം, കഴിഞ്ഞ നാലു മാസങ്ങളിലായി ജിഎസ്ടി നടപ്പാക്കിയ ഇനത്തില്‍ വന്ന നഷ്ടം നികത്താനായി കേന്ദ്രം കേരളത്തിന് നല്‍കേണ്ടത് 3229 കോടി രൂപയാണ്. ഇത് ഇതുവരെ ലഭിച്ചിട്ടില്ല.

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പണം നല്‍കുമെന്നാണ് ജിഎസ്ടി നിയമത്തില്‍ പറയുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളെ അറിയിച്ചത് കഴിഞ്ഞ മാസങ്ങളില്‍ ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായ കുറവു മൂലം ഇതിന് സാധിക്കുമോ എന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നാണ്. അതായത്, സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കിയ ഇനത്തില്‍ വരുന്ന നഷ്ടം നികത്താനുള്ള പണം ഉടനൊന്നും ലഭിച്ചേക്കില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളില്‍ ജിഎസ്ടിയില്‍ നിന്നുള്ള നികുതി വരുമാനം 14 ശതമാനത്തില്‍ കുറവായാലാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതനുസരിച്ച് കേരളത്തിന് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരമായി 1636 കോടി രൂപ ഒക്ടോബര്‍ ആദ്യം ലഭിക്കേണ്ടതായിരുന്നു. ഇത് ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിനു പുറമെ ഇപ്പോള്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട നഷ്ടപരിഹാരമായ 1593 കോടി രൂപ ഈ മാസം ആദ്യം നല്‍കേണ്ടതാണ്. ചുരുക്കത്തില്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിന് 3229 കോടി രൂപ നല്‍കണം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജിഎസ്ടി നിരക്കുകളില്‍ കുറവ് വരുത്തണമെന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എങ്ങനെ കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താം എന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം തുടങ്ങിയവ ജിഎസ്ടിയുടെ പുറത്താണ്. അതുകൊണ്ടു തന്നെ ഇവ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വില്‍പ്പന നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനവും ഇല്ലാതാകും.

കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും ധനവകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിക്കുന്നുണ്ട്.

നികുതി കുടിശിക പോലും ഫലപ്രദമായി പിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നും നികുതി വകുപ്പ് അരാജകത്വത്തിലാണെന്നുമാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നില്ല. സത്യം മറച്ച് പിടിച്ച് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റ്ധരിപ്പിക്കാനാണ് പ്രതിപക്ഷശ്രമം. മറ്റ് കള്ളങ്ങള്‍ പോലെ ഈ കള്ളവും ജനങ്ങള്‍ കയ്യോടെ പിടികൂടുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News