അയൽ രാജ്യങ്ങളിൽനിന്ന്‌ കുടിയേറിയ മുസ്ലിങ്ങൾ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യൻ പൗരത്വം നൽകാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ കുടിയേറി ആറുവർഷമായി രാജ്യത്ത് കഴിയുന്ന മുസ്ലിം ഇതരര്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേ​ദ​ഗതി. ബില്‍ ഉടന്‍ പാർലമെന്റിൽ അതരിപ്പിക്കും.

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ 2016ൽ അവതരിപ്പിച്ച ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കി. എന്നാല്‍, രാജ്യസഭയിൽ പാസാക്കാനായില്ല. ഇതോടെ ബില്‍ കാലഹരണപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന എതിർപ്പിനെത്തുടർന്ന്‌ ഇപ്പോള്‍ ബില്ലിൽ ചില മാറ്റം വരുത്തി. വർഗീയധ്രുവീകരണം തീവ്രമാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ്‌ മോഡി സർക്കാരിന്റെ ലക്ഷ്യം. ചുരുക്കത്തിൽ ഒരു മതവിഭാഗക്കാരെമാത്രം തെരഞ്ഞുപിടിച്ച്‌ പൗരത്വം നിരാകരിക്കാനുള്ള ശ്രമമാണ്‌ പൗരത്വ ഭേദഗതി ബില്ലിലൂടെയും പൗരത്വ രജിസ്റ്ററിലൂടെയും നടത്തുന്നത്‌.

പൗരത്വം ഇവർക്കുമാത്രം

മതപരമായ പീഡനങ്ങളെത്തുടർന്ന്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ ഹിന്ദു, സിഖ്‌, ജൈന, ബുദ്ധ, ക്രിസ്‌ത്യൻ, പാഴ്‌സി മതവിഭാഗക്കാർക്ക്‌ പൗരത്വം നൽകാനാണ്‌ ബിൽ വ്യവസ്ഥചെയ്യുന്നത്‌. 2014 ഡിസംബർ 31 നോ അതിനുമുമ്പായോ രാജ്യത്ത് എത്തിയവരാകണം. ഇന്ത്യൻ പ്രവാസി പൗരത്വകാർഡുള്ളവർക്ക്‌ പുതിയ ബില്ലിൽ പ്രത്യേക പരിഗണനയുണ്ട്‌. 2016ലെ ബില്ലിൽ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല.

ഇവിടങ്ങളില്‍ ബാധകമല്ല

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെട്ട അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലും 1873ലെ ബംഗാൾ കിഴക്കൻ അതിർത്തി നിയന്ത്രണപ്രകാരം ‘ഇന്നർ ലൈൻ’ വിജ്ഞാപനത്തിനു കീഴിലെ പ്രദേശങ്ങളിലും നിയമം ബാധകമല്ല. അരുണാചൽപ്രദേശ്‌, നാഗാലാൻഡ്‌, മിസോറം സംസ്ഥാനങ്ങളാണ്‌ ‘ഇന്നർ ലൈൻ’ വിജ്ഞാപനത്തിലുള്ളത്. മറ്റ്‌ സംസ്ഥാനക്കാര്‍ക്ക് ഇവിടം സന്ദർശിക്കണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണമെന്നാണ്‌ ചട്ടം.

എതിർക്കും: യെച്ചൂരി

മതാടിസ്ഥാനത്തിലുള്ള ദേശീയ പൗരത്വ ബില്ലിനെ സിപിഐ എം ശക്തമായി എതിർക്കുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വം മതാടിസ്ഥാനത്തിൽ അല്ല നിർണയിക്കേണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത എന്ന മൗലികാവകാശത്തിന്‌ വിരുദ്ധമാണ്‌ ബില്ലിലെ വ്യവസ്ഥകൾ. 2016ലും ബില്‍ സിപിഐ എം എതിർത്തു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന്‌ അന്ന്‌ ബിൽ സെലക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു. അന്ന്‌ എംപിയായിരുന്ന മുഹമ്മദ്‌ സലീം ബില്ലിനോടുള്ള വിയോജിപ്പ്‌ കമ്മിറ്റിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നും- യെച്ചൂരി പറഞ്ഞു.