വെടിയേറ്റ് മരിച്ച സൈനികൻ എ സി ബിജീഷിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. ശബരിമല ദർശനത്തിനായി ജനുവരിയിൽ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

3 മാസം മുമ്പ് ഓണത്തിനാണ് പേരാമ്പ്ര കല്ലോട് സ്വദേശി ബിജീഷ് നാട്ടിൽ വന്ന് മടങ്ങിയത്. 14 വർഷമായി ഐ ടി ബി പിയിലാണ് ജോലി. ചത്തീസ്ഗഡിൽ എത്തിയിട്ട് 2 വർഷം. ശബരിമല ദർശനത്തിനായി ജനുവരിയിൽ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചതെന്ന് അമ്മാവൻ വിജയൻ പറഞ്ഞു.

വെടിവെപ്പ് നടന്നത് വനത്തിനുള്ളിലാണ് എന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് ഐ ടി ബി പി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു.

അയ്യപ്പൻ ചാലിൽ ബാലൻ നായർ സുമതി ദമ്പതികളുടെ ഇളയമകനാണ് മരിച്ച 32 കാരനായ ബിജീഷ്. വടകരയിലെ സ്വകാര്യ ആശുപത്രി നഴ്സ് അമൃതയാണ് ഭാര്യ. 3 വയസ്സുകാരി ദക്ഷയാണ് മകൾ. നാട്ടിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ബിജീഷ്