24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും; മേളയിലുള്ളത് 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങിന് ശേഷം ഉദ്ഘാടന തുർക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും. 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്.

നാളെ മുതൽ ഒരാ‍ഴ്ച ഇനി തലസ്ഥാനം അഭ്രപാളിയിലെ നിറകാ‍ഴ്ചകളാൾ സമ്പന്നമാകും. വിവിധ രാജ്യങ്ങളിലെ ഭാഷ, സംസ്കാരം, സാമൂഹിക വിഷയങ്ങൾ എന്നിവ സംഗമിക്കുന്ന മേളയിൽ ഇത്തവണ 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

നാളെ വൈകീട്ട് നിശാഗന്ധിയിൽ മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒൗദ്യോഗികമായി തുടക്കം കുറിക്കും. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ചടങ്ങിന് ശേഷം ഉദ്ഘാടന തുർക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങി 15 ഓളം വിഭാഗങ്ങളിലായിട്ടാണ് മേളയിൽ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.

മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത് എന്നതും പ്രത്യേകതയാണ്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും “ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളായ കാന്‍, വെനീസ്, ടൊറന്‍േറാ, ബെര്‍ലിന്‍, ബുസാന്‍, റോട്ടര്‍ഡാം, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ കൂടിയാണ് ഇത്തവണ പ്രദര്‍ശനത്തിന് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News