മുഖത്ത് കുരുമുളക് സ്‌പ്രേ തളിച്ചു, കൂടം കൊണ്ട് തലയ്ക്കടിച്ചു, 30 ഓളം തവണ കത്തി കൊണ്ട് കുത്തി; 20 വര്‍ഷം ലൈംഗിക അടിമകളാക്കിയ അച്ഛനെ മൂന്ന് മക്കള്‍ കൊന്നത് ഇങ്ങനെ; ഞെട്ടലോടെ പോലീസ്; ഒന്നുമറിയാതെ അമ്മ; പെണ്‍കുട്ടികള്‍ നേരിട്ടത് കണ്ണില്ലാത്ത കൂരത

20 വര്‍ഷം ലൈംഗിക അടിമകളാക്കിയ അച്ഛനെ മൂന്ന് പെണ്‍മക്കള്‍ കൊലപ്പെടുത്തി. മോസ്‌കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് 57 കാരനായ മിഖായേല്‍ ഖച്ചതുര്‍യനെ കൊലപ്പെടുത്തിയത്.

വീട്ടില്‍ പൂട്ടിയിട്ട് 3 പെണ്‍കുട്ടികളെ ഇയാള്‍ 2014 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളില്‍ വീഴ്ച വരുത്തിയാല്‍ അതിക്രൂരമായി മര്‍ദ്ദിക്കും. കുരുമുളക് സ്‌പ്രേ മുഖത്തും ശരീരത്തിലും അടിക്കും. പുറംലോകവുമായി ഇവര്‍ക്കു ബന്ധമില്ലായിരുന്നു. കൂടാതെ അമ്മയുമായി യാതൊരു ബന്ധവും പുലര്‍ത്തരുതെന്ന് ഇയാള്‍ പെണ്‍കുട്ടികള്‍ക്കു താക്കീത് നല്‍കിയിരുന്നു.

2018 ജൂലൈ 27 നാണ് സംഭവം നടക്കുന്നത്. ഇപ്പോള്‍ അവര്‍ നിയമനടപടി നേരിടുകയാണ്. 20 വര്‍ഷം തടവു ശിക്ഷയാവും ഇവിരെ കാത്തിരിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ പറയുന്നു. കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റം സഹോദരമാര്‍ക്കെതിരെ ശിപാര്‍ശ ചെയ്തുവെന്നും അന്വേഷണ കമ്മിറ്റി അറിയിച്ചു.

സംഭവം നടന്ന അന്നും മിഖായേല്‍ പെണ്‍മക്കളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഫ്‌ലാറ്റ് ശരിയായി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചു പെണ്‍കുട്ടികളെ ആക്രമിച്ചു. ഏറെ നേരത്തെ ഉപദ്രവത്തിനു ശേഷം മുറിയില്‍ കിടന്ന് ഉറങ്ങിയ ഖച്ചതുര്‍യാനെ വിളിച്ചുണര്‍ത്തി മുഖത്ത് പെണ്‍കുട്ടികള്‍ കുരുമുളക് സ്‌പ്രേ അടിക്കുകയായിരുന്നു.

പിന്നീട് കൂടം കൊണ്ട് തലയ്ക്ക് അടിച്ചും കത്തികൊണ്ട് കുത്തിയും അവര്‍ മരണം ഉറപ്പിച്ചു. അയാള്‍ മരിച്ചെന്ന് ഉറപ്പായപ്പോള്‍ മക്കള്‍ പോലീസില്‍ വിളിച്ച് അച്ഛനെ തങ്ങള്‍ കൊന്നുകളഞ്ഞുവെന്നു ശാന്തമായി പറഞ്ഞു. നേരത്തെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് മിഖായേല്‍ ഖച്ചതുര്‍യാന്റെ ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.

എന്നാല്‍ അന്ന് പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയാറായില്ല. തന്നെയുമല്ല കുടുംബപ്രശ്‌നമെന്ന നിലയില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കാനായിരുന്നു മറുപടി. അതിനു ശേഷം അവരെ ഖച്ചതുര്‍യാന്‍ വീട്ടില്‍നിന്ന് അടിച്ചിറക്കുകയും ചെയ്തിരുന്നു.

മൂന്ന് സഹോദരിമാരും ഇപ്പോള്‍ മൂന്നു വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും വിലക്കുണ്ട്. അതേസമയം പെണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയരുമ്പോഴും പെണ്‍കുട്ടികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

കൊലപാതകികളല്ല, ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് പെണ്‍കുട്ടികളെന്നും വീടിനകത്തു നടന്ന പീഡനം പുറത്തുപറയാനാകാതെ വര്‍ഷങ്ങളോളം സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂര്‍വം തടഞ്ഞതായും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ശിക്ഷയ്ക്കു പകരം അവര്‍ക്ക് കൗണ്‍സിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ കരുതിക്കൂട്ടിയ കൊലപാതകമാണെന്നും അതിനാല്‍ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ അധികൃതര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here