കർണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി . 224 അംഗ സഭയിൽ ഏഴ് സീറ്റെങ്കിലും വിജയിയിച്ചില്ലെങ്കിൽ ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാകും. സ്വതന്ത്രനടക്കം 106 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിന്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
കോൺഗ്രസിന് 66ഉം ജനതാദളിന് 34ഉം അംഗങ്ങളുണ്ട്. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎൽഎമാരിൽ 13 പേരും നിലവിലെ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥികളായി മത്സരിക്കുന്നു.
ഇവയെല്ലാം കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. കോൺഗ്രസ് സഖ്യസർക്കാരിൽനിന്ന് 17 എംഎൽഎമാർ രാജിവച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവരിൽ 14 പേരും ബിജെപിയിൽ ചേർന്നു. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതിൽ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ ഒൻപതിനാണ് വോട്ടെണ്ണൽ.
മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കർണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളും നേതാക്കളും ചൊവ്വാഴ്ച വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിന്റെ തിരക്കിലായിരുന്നു.

Get real time update about this post categories directly on your device, subscribe now.