
സംസ്ഥാനത്ത് ഉള്ളിയുടെ വില കുത്തനെ ഉയരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താത്തതാണ് ഉള്ളിവില കുത്തനെ ഉയരുന്നതിന് കാരണം. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്. ഇപ്പോള്‍ ഉള്ളിയുടെ വന്‍ വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ മറുപടി പറഞ്ഞ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും അതിനാല്‍ ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അതുകൊണ്ട് ഉള്ളിവില വര്‍ധനവ് ഒരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഇത്തരമൊരു പരാമര്‍ശം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വികാരവും രാജ്യത്തെ ജനങ്ങളുടെ വികാരവും മനസിലാക്കാത്ത മന്ത്രിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തുന്നത്.
എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. കൂടാതെ ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി. അതേസമയം നാസിക്കിലെ സാധാരണക്കാരനായ ഒരു ഉള്ളി കര്‍ഷകന്‍ മൊത്തക്കമ്പോളത്തില്‍ ഒരു കിലോ ഉള്ളി വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് പരമാവധി 30 രൂപയാണ്.
കര്‍ഷകരില്‍നിന്ന് വാങ്ങി നാസിക്കില്‍ നിന്ന് 3 മണിക്കൂര്‍ യാത്രാദൂരം മാത്രമുള്ള മുംബൈയിലെത്തുമ്പോള്‍ ഇതേ ഉള്ളിക്ക് വില 140 രൂപയാകുന്നു. ഇവിടെയാണ് ഇടനിലക്കാരുടെ കൊള്ളലാഭം വ്യക്തമാകുന്നത്. ഇതിനെതിരെ ശക്തമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here