ദില്ലി: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.

ഫാത്തിമയുടെ മാതാപിതാക്കളോടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് സമാന്തരമായി സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നുമാണ് അമിത് അറിയിച്ചത്.

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്നും ലത്തീഫ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതില്‍ മലയാളികളുമുണ്ടെന്ന് ലത്തീഫ് പറഞ്ഞു. എന്‍ആര്‍ഐ മലയാളി വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വര്‍ഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ.