ഫാത്തിമയുടെ മരണം; വെളിപ്പെടുത്തലുമായി പിതാവ്; ”ഡയറിയില്‍ ഏഴു സഹപാഠികളുടെ പേരും, ഇവര്‍ മാനസികമായി പീഡിപ്പിച്ചു” കേസില്‍ സിബിഐ അന്വേഷണം നടത്തും

ദില്ലി: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ്.

ഫാത്തിമയുടെ മരണത്തിന് തൊട്ട് പിന്നാലെയുള്ള ദിവസങ്ങളില്‍ നിരുത്തരവാദപരമായ നിലപാടണ് പൊലീസില്‍ നിന്നും ഉണ്ടായതെന്ന് ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഫാത്തിമയുടെ മുറി തുറന്നപ്പോള്‍ ആത്മഹത്യയുടെ സാഹചര്യമില്ലായിരുന്നു. ഫാത്തിമ മുട്ടുകാലില്‍ ഇരിക്കുകയായിരുന്നു. കയറിന്റെ ഒരു അംശം പോലും മുറിയില്‍ ഇല്ലായിരുന്നു. മുറി മുഴുവന്‍ വാരിവലിച്ചിട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 4നും 5നും ഇടയിലാണ് മരണം നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ 5 മണി വരെ അവിടെ ഒരു പിറന്നാള്‍ പാര്‍ട്ടി നടന്നിരുന്നു. റൂമിലെ ഫിംഗര്‍പ്രിന്റ പോലും അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ലത്തീഫ് പറഞ്ഞു.

മകളുടെ മരണത്തില്‍ അധ്യാപകര്‍ മാത്രമല്ല, സഹപാഠികളും കുറ്റക്കാരാണെന്നും ലത്തീഫ് ആരോപിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഏഴു സഹപാഠികളുടെ പേരുകളാണ് ഫാത്തിമ ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഡയറിയില്‍ മൂന്നു അധ്യാപകരുടെ പേരുകളുണ്ടെന്നും ലത്തീഫ് പറഞ്ഞു.

ഇനിയും വെളിപ്പെടുത്താന്‍ കാര്യങ്ങള്‍ ബാക്കിയുണ്ടെന്നും പക്ഷെ എല്ലാം പറഞ്ഞു കഴിഞ്ഞാല്‍ അത് പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുത്തുകളാകുമോ എന്ന ആശങ്കയുണ്ടെന്നും ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് സമാന്തരമായി സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നുമാണ് അമിത് അറിയിച്ചത്.

കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News