നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തന്നെ ആരാച്ചാരായി നിയോഗിക്കണമെന്ന് അറിയിച്ച് രാഷ്ട്രപതിക്ക് കത്ത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്കിടെ, ഷിംല സ്വദേശി രവി കുമാറാണ് തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതിയത്. ഹൈദരാബാദില്‍ യുവതി പീഡനത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് വധശിക്ഷ നീളുന്നതു സംബന്ധിച്ച ചര്‍ച്ച സജീവമായത്.

 

താത്കാലികമായെങ്കിലും തീഹാര്‍ ജയിലിലെ ആരാച്ചാരായി നിയമിക്കണമെന്നും നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാന്‍ തയ്യാറാണെന്നും രവികുമാര്‍ രാഷ്്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു. നിര്‍ഭയ കേസിലെ പ്രതികളില്‍ മുകേഷ്, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയ വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഹര്‍ജി നിരസിച്ചാല്‍ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും. ശേഷം വധശിക്ഷ നടപ്പാക്കണമെന്നതാണു ചട്ടം.