പൊതുവിദ്യാഭ്യാസ സംരക്ഷണം ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

ദില്ലി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ ദേശീയതലത്തിൽ സംഘടിത പ്രക്ഷോഭത്തിനൊരുങ്ങാൻ ജെഎൻയു വിദ്യാർഥികളുടെ തീരുമാനം.

എല്ലാ സർവകലാശാലകളിലേയും വിദ്യാർഥികളെ അണിനിരത്തി സമരം വ്യാപിപ്പിക്കാൻ വിദ്യാർഥികളുടെ ജനറൽ ബോഡി വിദ്യാർഥി യൂണിയനെ ചുമതലപ്പെടുത്തി.

വഹിക്കാവുന്ന ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം ശക്തമാക്കാനാണ്‌ തീരുമാനം. തിങ്കളാഴ്‌ച രാഷ്‌ട്രപതിഭവനിലേക്ക്‌ ലോങ്‌മാർച്ച്‌ നടത്തുമെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചു.

ക്യാമ്പസിൽ കൃത്രിമ സാധാരണനില കൈവരിക്കാനാവില്ലെന്ന്‌ ബുധനാഴ്‌ച നടന്ന ജനറൽ ബോഡി ചൂണ്ടിക്കാട്ടി. ഫീസ്‌വർധനയടക്കമുള്ള പരിഷ്‌ക്കാരങ്ങൾ പിൻവലിക്കാതെ ഒരുമാസത്തിലേറെയായി നടക്കുന്ന സമരം അവസാനിപ്പിക്കില്ല.

ക്ലാസുകൾ, പരീക്ഷ തുടങ്ങി എല്ലാ പാഠ്യപ്രവർത്തനങ്ങളും ബഹിഷ്‌ക്കരിച്ച്‌ പൂർണ്ണ നിസഹരണം തുടരുമെന്ന പ്രമേയം യോഗം അംഗീകരിച്ചു.

പരീക്ഷയെഴുതാത്തവരെ ക്യാമ്പസിൽനിന്ന്‌ പുറത്താക്കുമെന്ന സർവകലാശാല അധികൃതരുടെ ഭീഷണി തള്ളിക്കളഞ്ഞാണ്‌ വിദ്യാർഥികളുടെ തീരുമാനം.

പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള നീക്കത്തെ യോഗം അപലപിച്ചു. സമ്പന്ന വിഭാഗം മാത്രം വിദ്യാഭ്യാസം നേടിയാൽ മതിയെന്ന അജണ്ടയാണ്‌ സർക്കാരിനുള്ളത്‌.

എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർത്ഥികൾക്ക്‌ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ജെഎൻയുവിന്റെ സ്വഭാവമാണ്‌ തകർക്കുന്നത്‌.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ഡൽഹി പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്‌.

മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സർക്കാരിന്റെയും പാവ ഭരണമാണ്‌ വൈസ്‌ ചാൻസിലർ കാഴ്‌ച വെക്കുന്നതെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി.

പൊതു സർവകലാശാലകൾ സംരക്ഷിക്കുക, കരട്‌ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വൈസ്‌ചാൻസിലറിനെ പുറത്താക്കുക, ഫീസ്‌ വർധനയ്‌ക്കെതിരെ പോരാടുന്ന എല്ലാ സർവകലാശാലകൾക്കും ഐക്യദാർഢ്യം എന്നിവ ഉന്നയിച്ചാണ്‌ രാഷ്‌ട്രപതി ഭവനിലേക്ക്‌ ജെഎൻയു ക്യാമ്പസിൽനിന്ന്‌ ലോങ്‌മാർച്ച്‌ നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here