എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍  സ്വാമിമാരുടെ വേഷത്തിലെത്തി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ‘പടി’ പണം പിടിച്ചെടുത്തു

ആര്യങ്കാവിലെ ആര്‍ടിഒ, എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സ്വാമിമാരുടെ വേഷത്തിലെത്തി വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ‘പടി’ പണം പിടിച്ചെടുത്തു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനങ്ങളില്‍നിന്നു വാങ്ങിയത് ഉള്‍പ്പെടെയുള്ള  തുകയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍നിന്ന്  ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങളില്‍നിന്ന് പടിപറ്റുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
 സ്വാമിവേഷത്തില്‍ ചെക്ക് പോസ്റ്റിലും പരിസരത്തും വിജലിന്‍സ് ടീം നിരീക്ഷണം നടത്തിയിരുന്നു. കൊല്ലം വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജയഘോഷാണ് സ്വാമി വേഷത്തില്‍ ചെക്ക്പോസ്റ്റ് പരിസരത്തെത്തിയത്. വാഹനങ്ങളുടെ വരവും പോക്കും  പടിവാങ്ങുന്നതും ഒരുമണിക്കൂര്‍ നേരം സിപിഒ  നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു സംഘത്തിന്റെ  മിന്നല്‍ പരിശോധന.  വിവിധ വാഹനങ്ങളില്‍നിന്ന് പടിയായി കൈപ്പറ്റിയ 16,960 രൂപ പിടിച്ചെടുത്തു.
വാഹനം അതിര്‍ത്തി കടക്കുമ്പോള്‍ എടുക്കുന്ന സ്പെഷ്യല്‍ പെര്‍മിറ്റ് നല്‍കുന്നതിനു വേണ്ടിയാണ് പടിവാങ്ങുന്നത്. പണം നല്‍കാന്‍ തയ്യാറാവാത്തവരില്‍നിന്ന് പലകാരണങ്ങള്‍ ചുണ്ടിക്കാട്ടി പിഴ ചുമത്തും. വാഹനം ഒന്നിന് 500 രൂപയാണ് മിനിമം പടി. എക്സൈസ് ചെക്ക് പോസ്റ്റിലെത്തിയ വിജിലന്‍സ് ടീമിനെക്കണ്ട് ഒരു ഉദ്യോഗസ്ഥന്‍ കൈവശം വച്ചിരുന്ന 760 രൂപ ചുരുട്ടിയെറിഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥനെക്കൊണ്ടു തന്നെ എറിഞ്ഞ പണം തിരികെ എടുപ്പിച്ചു.
തമിഴ്‌നാട്ടില്‍ല്‍നിന്നുള്ള ഡ്രൈവര്‍ വാഹനത്തിന്റെ രേഖകള്‍ക്കുള്ളില്‍ വച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും കൈയോടെ പിടിച്ചു. വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്നതിനുള്ള വേയിങ് മെഷീന്‍ തകരാറിലായതിനാല്‍ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ പണം വാങ്ങി കയറ്റിവിടുയാണ് പതിവ്. കൂടാതെ രാത്രിയില്‍ ചെക്ക് പോസ്റ്റിനു മുന്നിലെ വൈദ്യുതിവിളക്ക് പ്രകാശിപ്പിക്കാതെ ഇരുട്ടിന്റെ മറവില്‍ ക്രമക്കേടു നടത്തുന്നതും കണ്ടെത്തി.
ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്കൊപ്പമാണ് ഡ്യൂട്ടിക്കെത്തുന്നത്. ലഭിക്കുന്ന പണം ഈ ഏജന്റിന്റെ കൈവശം കൊടുത്ത് സ്ഥലത്തുനിന്ന് മാറ്റുകയാണ് പതിവ്. ലഭിക്കുന്നതില്‍ ഒരു വിഹിതം ഏജന്റിനും നല്‍കും. സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ നല്‍കിയശേഷം പടി ആ വാഹനത്തില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച് വാഹനം കടത്തിവിടുന്നതായും കണ്ടെത്തി.
ചെക്ക് പോസ്റ്റുകളില്‍ ആര്‍ടിഒ  ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തുന്ന സ്വകാര്യ ഏജന്റുമാരെക്കുറിച്ചും ലഭിക്കുന്ന  പണം കൂടെക്കൂടെ മാറ്റുന്ന സ്ഥലത്തെക്കുറിച്ചും രഹസ്യാന്വേഷണം നടത്തുമെന്നും പരിശോധന തുടരുമെന്നും വിജിലന്‍സ് ഡിവൈഎസ്പി കെ അശോക് കുമാര്‍ അറിയിച്ചു.
വിജിലന്‍സ് ദക്ഷിണമേഖല പൊലീസ് സൂപ്രണ്ട് ആര്‍ ജയശങ്കറിന്റെ നിര്‍ദേശമനുസരിച്ച് കൊല്ലം ഡിവൈഎസ്പി കെ അശോക് കുമാര്‍,  ഇന്‍സ്പെക്ടര്‍മാരായ വി ആര്‍ രവികുമാര്‍, അജയനാഥ്, എം എം ജോസ്, അല്‍ജബാര്‍, വി പി സുധീഷ്,  പുനലൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ജോസഫ് ഡെന്നിസണ്‍, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോണ്‍ തോമസ്എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News