ഈ മാസം എട്ടിനു തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ടി20മത്സരങ്ങളുക്കായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃതവത്തിലുള്ള സംഘം വിലയിരുത്തി. മത്സരത്തിന്റെ സുരക്ഷയ്ക്കായി 850ല്‍ പരം പൊലീസുകാര്‍ സ്റ്റേഡിയത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി വിന്യസിക്കും. നാലുമണി മുതലായിരിക്കും കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുക.

ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് 8ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന മത്സരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. 650ഓളം സിവില്‍ പോലീസുകാരാണ് മത്സരത്തിന്റെ സുരക്ഷക്കായി വിന്യസിക്കുന്നത്. ഇവര്‍ക്കുപുറമേ 6എസ് പിമാരും 16 ഡി.വൈ.എസ്.പിമാരും 25സി.ഐ.മാരും 100 മഫ്തി പോലീസും അടങ്ങുന്ന സംഘം സുരക്ഷയ്ക്ക് ശക്തിപകരും. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം മാത്രമെ കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിരപ്പിക്കു.

സ്റ്റേഡിയത്തിലെ പ്രധാന കവാടത്തിലൂടെയായിരിക്കും പ്രവേശനം. പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മത്സരം നടക്കുക. പ്ലാസ്റ്റിക്ക് കുപ്പി പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയവയൊന്നും സ്റ്റേഡിയത്തിനകത്ത് അനുവദിക്കില്ല. ഭക്ഷണവും വെള്ളവും സ്റ്റേഡിയത്തിനുള്ളില്‍ ലഭിക്കും.

എം.എല്‍.എ വികെ പ്രശാന്ത് സ്റ്റേഡിയത്തിലെത്തി കളിയുടെ ഒരുക്കങ്ങളെ പറ്റി വിലയിരുത്തി. ഇതിനോടകം തന്നെ 85% ടിക്കറ്റുകള്‍ ചിലവായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും ചിലവാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ടീം പ്രാക്ടീസ് ഇത്തവണ ഉണ്ടാകില്ല. പിച്ച് ഒരുക്കുന്നതുമായി ബന്ധപ്പെട്ട അവസാനഘട്ട ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്