ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും പൊലീസ് വെടിവെച്ചുകൊന്നു.

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചപ്പോര്‍ സ്വയം രക്ഷക്കായി വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.  മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധവും ജനരോഷവും കത്തിനില്‍ക്കെയാണു പ്രതികള്‍ പൊലീസിന്റെ തോക്കിനിരയായത് എന്നതും പ്രസക്തമാണ്.

ക്രൂരമായ കുറ്റക്യത്യം നടത്തിയ പ്രതികളെ വെടിവച്ച് കൊന്നതില്‍ സമൂഹമാധ്യമങ്ങളിലും മറ്റും പൊലീസിനെ പുകഴ്ത്തിയുള്ള പ്രതികരണങ്ങള്‍ വരുന്നതിനൊപ്പം തന്നെ അങ്ങിങ്ങായി എതിരഭിപ്രായങ്ങളും വരുന്നുണ്ട്. പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിച്ചുകൊണ്ടുളള ശിക്ഷാ
നടപടികളാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

അതേസമയം, ഇത്തരം കൊടുംക്രൂരത ചെയ്യാന്‍ അറയ്ക്കാത്തവര്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്നും പൊലീസ് ചെയ്തതു ശരിയാണെന്നുമാണ് ഭൂരിപക്ഷ പ്രതികരണങ്ങളും.

ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28ന് പുലര്‍ച്ചെയാണു ഡോക്ടറെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.

എഴുപത് ശതമാനത്തോളം കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ വികൃതമായിരുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച ലോക്കറ്റാണ് തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.