ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് കെട്ടിടം രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനംചെയ്തപ്പോള്‍ ശ്രദ്ധേയയായി സഫ ഫെബിന്‍. ഇതേ വിദ്യാലയത്തിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ സഫയാണ് രാഹുലിന്റെ പ്രസംഗം ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. സഫയുടെ പരിഭാഷാ മികവ് സദസ്സിന്റെ കൈയടി നേടി.
തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ വിദ്യാലയത്തില്‍നിന്നുള്ളവരെ രാഹുല്‍ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് സഫ വേദിയിലെത്തിയത്. വിദ്യാഭ്യാസത്തില്‍ അനുവര്‍ത്തിക്കേണ്ട മൂല്യങ്ങളെയും ആനുകാലിക വിഷയങ്ങളെയുംപറ്റി രാഹുല്‍ സംസാരിച്ചപ്പോള്‍ ലളിതമായ ഗ്രാമ്യ ഭാഷയില്‍ തെറ്റുകളില്ലാതെ സഫ ഓരോ വാചകവും മലയാളത്തിലേക്കു മാറ്റി അവതരിപ്പിച്ചു. പ്രസംഗം തീര്‍ന്നയുടന്‍ ചോക്ലേറ്റ് നല്‍കി രാഹുല്‍ അഭിനന്ദിച്ചു.
കരുവാരക്കുണ്ട് സ്വദേശി മദ്രസ അധ്യാപകനായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും സാറയുടെയും മകളാണ് സഫ ഫെബിന്‍. അഞ്ചാംതരം മുതല്‍ കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. വിദ്യാലയത്തില്‍നിന്നുള്ള മികച്ച പരിശീലനമാണ് പരിഭാഷക്കുള്ള ആത്മവിശ്വാസം പകര്‍ന്നതെന്നും മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും സഫ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.