ചത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച സൈനികന്‍ എ സി ബിജീഷിന് ജന്മനാടിന്റെ യാത്രാമൊഴി. പേരാമ്പ്ര കല്ലോട് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 11 മണിയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം.
ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ബിജീഷിന്റെ മൃതദേഹം രാവിലെ ഏഴരയോടെയാണ് നാട്ടിലെത്തിച്ചത്. പേരാമ്പ്ര കൈതക്കല്‍ നിന്ന് വിലാപയാത്രയായി ഭൗതികദേഹം ജന്മനാടായ കല്ലോട് എത്തിച്ചു. കല്ലോടുള്ള വീടിന് സമീപം രാവിലെ 8 മുതല്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍, നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആര്‍ ഡി ഒ റീത്ത് സമര്‍പ്പിച്ചു. സ്ഥലം എം എല്‍ എ കൂടിയായി മന്ത്രി ടി പി രാമകൃഷ്ണന് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം മതപരമായ ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലേക്ക് മാറ്റി. വീട്ടില്‍ കുടുംബാംഗങ്ങള്‍ ബിജീഷിന് യാത്രാമൊഴി നല്‍കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പോലീസ് അന്തിമോപചാരമര്‍പ്പിച്ചു. ഐ ടി ബി പി ക്ക് വേണ്ടി സൈനികരും അന്തിമോപചാരമര്‍പ്പിച്ചു
ബുധനാഴ്ചയാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ബിജീഷ് അടക്കം 5 ഐ ടി ബി പി സൈനികര്‍ മരിച്ചത്. 14 വര്‍ഷമായി ഐ ടി ബി പിയില്‍ സേവനം അനുഷ്ടിച്ച് വരികയായിരുന്നു ബിജീഷ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here