‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ പ്രദര്‍ശനത്തിനെത്തി

നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ ചിത്രം ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ പ്രദര്‍ശനത്തിനെത്തി.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ‘മുന്തിരി മൊഞ്ചന്‍’. മനേഷ് കൃഷ്ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫ്രൈഡെ, ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഗോപിക അനിലാണ് ചിത്രത്തിലെ നായിക.

ഒരു റൊമാന്റിക് ഫണ്‍ ജോണറിലുള്ള ഒരു സിനിമ എന്നതിലുപരി ഇടക്കിടെ ഓര്‍ത്തെടുക്കുകയും പരിഹാരമില്ലാതെ എങ്ങുമെത്താതെ മുങ്ങിപോകുകയും മനഃപൂര്‍വം മറന്നു പോവുകയും ചെയ്യുന്ന ചില സാമൂഹിക പ്രശ്നങ്ങളെ ഓര്‍മ്മപെടുത്താനായി ചില കാര്യങ്ങളും മുന്തിരി മൊഞ്ചന്‍ സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പ്രണയത്തിന്റെ ചില സയന്റിഫിക് വശങ്ങളിലൂടെ കടന്നു പോകുന്ന സിനിമ എത്തിച്ചേരുന്നത് വ്യത്യസ്തമായ ചില സംഭവങ്ങളിലെക്കാണ്. തീര്‍ത്തും ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് എന്നാണ് സംവിധായകന്‍ വിജിത് നമ്പ്യാര്‍ അവകാശപ്പെടുന്നത്.

മെഹറലി പോയിലുങ്ങല്‍ ഇസ്മായിലും മനുഗോപാലും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയ്ക്ക് ഷാന്‍ഹാഫ്‌സലി ഛായാഗ്രഹണം നിര്‍വഹിച്ചു അനസ് മുഹമ്മദ് എഡിറ്റ് ചെയ്തു പി കെ അശോകനാണ് നിര്‍മ്മാണം.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചന്‍. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് തീര്‍ത്തും വ്യത്യസ്ഥമാണ്.

ഈ പേരിന് പിന്നിലെ സസപെന്‍സ് പൊളിച്ച് നേരത്തെ ഗോപിക എത്തിയിരുന്നു. ‘മലബാര്‍ ഏരിയയില്‍ ചില സ്ഥലങ്ങളില്‍ ഫ്രീക്ക് എന്ന് പറയുന്നതിന് പകരം ഉപയോഗിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍ എന്നുള്ളത്.

ചിത്രത്തില്‍ തവള എന്നു പറയുന്ന കഥാപാത്രം ചെയ്യുന്നത് സലിം കുമാര്‍ ചേട്ടനാണ്. അപ്പോള്‍ ഒരു തവള ചിത്രത്തിന്റെ കഥ നറേറ്റ് ചെയ്യുന്നത് സംഭവം. അതുകൊണ്ടാണ് ചിത്രത്തിന് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയെന്ന് പേരിട്ടിരിക്കുന്നത്’ എന്നാണ് ഗോപിക പറയുന്നത്.

ചിത്രത്തിന്റെ ട്രെയ്ലറും, ഗാനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡ് നടി കൈരാവി തക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ വിജിത് നമ്പ്യാര്‍ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News